മുംബൈ: കങ്കണ റണാവത്തിനും സഹോദരി രംഗോളി ചന്ദേലിനും നവംബര്‍ 10ന് മുമ്പ് ഹാജരാകാന്‍ മുംബൈ പൊലീസിന്റെ വീണ്ടും നോട്ടീസ് നല്‍കി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇരുവരോടും ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 26, 27 തീയതികളില്‍ ബാന്ദ്ര പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.  

ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സഹോദരന്റെ വിവാഹ ആവശ്യപ്രകാരം ഇരുവരും ഹിമാചല്‍ പ്രദേശിലാണെന്നും കോടതിയില്‍ ഹാജരാകാന്‍ നവംബര്‍ 15 വരെ സമയം തേടി കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദീഖി കത്ത് നല്‍കി.

ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ മുനവറലി സാഹില്‍ സയ്യിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരോടും ഹാജരാകാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 153എ, 295എ, 124എ, 34 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.