അതേസമയം തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ ഭൂരിഭാഗം തിയറ്ററുകളും ഇന്ന് തുറന്നില്ല

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം 'തലൈവി' തിയറ്ററുകളിലേക്ക്. 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും.

2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Scroll to load tweet…

അതേസമയം തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ ഭൂരിഭാഗം തിയറ്ററുകളും ഇന്ന് തുറന്നില്ല. ശുചീകരണത്തിനുള്‍പ്പെടെ വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടാണ് അതിനു കഴിയാതിരുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം. ചെന്നൈ നഗരത്തിലെ 80 പ്രധാന സ്ക്രീനുകള്‍ വ്യാഴാഴ്ചയോടെ തുറക്കുമെന്നും തിയറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona