ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 കോടി പോലും കളക്റ്റ് ചെയ്ത ഒരു ചിത്രം ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ കന്നഡത്തില്‍ നിന്ന് ഉണ്ടായിട്ടില്ല

തെലുങ്ക് സിനിമയ്ക്ക് ബാഹുബലി പോലെ ആയിരുന്നു കന്നഡ സിനിമയ്ക്ക് കെജിഎഫ്. തെലുങ്ക് സിനിമ അതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയൊട്ടുക്കുമുള്ള വലിയൊരു വിഭാ​ഗം പ്രേക്ഷകര്‍ക്ക് തെലുങ്ക് സിനിമ പരിചയപ്പെടുത്തിയത് ബാഹുബലി ആയിരുന്നു. സാന്‍ഡല്‍വുഡ് എന്ന് വിളിക്കുന്ന കന്നഡ സിനിമയുടെ കാര്യത്തില്‍ ആ നിയോ​ഗം കെജിഎഫ് ഫ്രാഞ്ചൈസിക്ക് ആയിരുന്നു. 2018 ല്‍ പുറത്തെത്തിയ കെജിഎഫ് 240- 250 കോടിയാണ് നേടിയതെങ്കില്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ആണ് കന്നഡ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്. 1200 കോടിക്ക് മുകളിലാണ് ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. 2022 ല്‍ തന്നെ എത്തിയ കാന്താരയും കന്നഡ സിനിമയുടെ വളര്‍ച്ച ധ്രുത​ഗതിയിലെന്ന തോന്നല്‍ സൃഷ്ടിച്ചു. 400 കോടിക്ക് മുകളിലാണ് ചെറിയ ബജറ്റിലെത്തിയ ഈ ചിത്രം നേടിയത്. എന്നാല്‍ പൊടുന്നനെ ഉണ്ടായ ഈ വളര്‍ച്ചയ്ക്ക് സ്ഥിരത കൊണ്ടുവരാന്‍ സാന്‍ഡല്‍വുഡിന് സാധിച്ചില്ല. എന്ന് മാത്രമല്ല ആ വളര്‍ച്ചയുടെ ​ഗ്രാഫ് ഇപ്പോള്‍ താഴോട്ടുമാണ്. 

കെജിഎഫിനോടും കാന്താരയോടും താരതമ്യം ചെയ്യാവുന്ന വിജയങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും 2023 ല്‍ പുറത്തിറങ്ങിയ ദര്‍ശന്‍ നായകനായ കാടേര ഭേദപ്പെട്ട വിജയമായിരുന്നു. എന്നാല്‍ 2024 ല്‍ ഇത് വീണ്ടും താഴേക്ക് വന്നു. കന്നഡത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഹയസ്റ്റ് ​ഗ്രോസര്‍ കിച്ച സുദീപ് നായകനായ മാക്സ് ആയിരുന്നു. എന്നാല്‍ ബജറ്റ് തിരിച്ചുപിടിക്കാന്‍ സാധിച്ചു എന്നതൊഴിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ചിത്രം നഷ്ടമായിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ അതിദയനീയമാണ് കന്നഡ സിനിമാ മേഖലയുടെ സ്ഥിതി.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 കോടി പോലും കളക്റ്റ് ചെയ്ത ഒരു ചിത്രം ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ കന്നഡത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഈ വര്‍ഷം ഇതുവരെ ഏറ്റവും കളക്ഷന്‍ നേടിയ കന്നഡ ചിത്രമായ ഛൂ മന്തര്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 6.45 കോടി മാത്രമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് കന്നഡ സിനിമകള്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 47.64 കോടിയാണ്. അതേ സ്ഥാനത്ത് മലയാളം നേടിയത് 514 കോടിയും തമിഴ് സിനിമ നേടിയത് 833 കോടിയും തെലുങ്ക് നേടിയിരിക്കുന്നത് 918 കോടിയും ബോളിവുഡ് നേടിയിരിക്കുന്നത് 2066 കോടിയുമാണെന്ന് പറയുമ്പോള്‍ ആ തകര്‍ച്ചയുടെ ആഴം വ്യക്തമാവും.

കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തിലെ തിയറ്റര്‍ വ്യവസായത്തെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തുന്നത് ഇതരഭാഷാ ചിത്രങ്ങളാണ്. കെജിഎഫും കാന്താരയുമൊക്കെ തെളിച്ച വഴി ഒരേ സമയം ​ഗുണവും ദോഷവുമായ സ്ഥിതിയാണ് സാന്‍ഡല്‍വുഡിന്. താരമൂല്യമുള്ളവരൊക്കെ കഴിയുന്നത്ര ബജറ്റില്‍ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ട് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ വര്‍ഷത്തില്‍ ഇറങ്ങുന്ന താരചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. എത്തുന്നവ വിജയിക്കുന്നുമില്ല. കാന്താര എ ലെജന്‍‍ഡ് ചാപ്റ്റര്‍ 1 ആണ് സാന്‍ഡല്‍വുഡിന് ഈ വര്‍ഷം ഇനി പ്രതീക്ഷയുള്ള ഒരു ചിത്രം. ഐഎംഡിബിയുടെ മോസ്റ്റ് ആന്‍റിസിപേറ്റഡ് ഇന്ത്യന്‍ മൂവീസ് 2025 ല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചിത്രവുമാണ് ഇത്. എന്നാല്‍ ഒരു വന്‍ വിജയം നേടിയതുകൊണ്ടൊന്നും ഇന്‍ഡസ്ട്രി എന്ന നിലയില്‍ അതിജീവിക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News