പ്രേക്ഷകർ നെഞ്ചേറ്റിയ മമ്മൂട്ടി 'സ്ക്വാഡ്'; ബുക്കിങ്ങിൽ കുതിപ്പ്, എക്സ്ട്രാ ഷോകളുമായി തിയറ്ററുകൾ
മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബി വർഗീസ് രാജ് ആണ്.

ഒരു സിനിമയുടെ ഭാവി എന്താകുമെന്ന് തീരുമാനിക്കുന്നത് റിലീസ് ദിനമാണ്. സിനിമ പ്രേക്ഷർക്ക് ഇഷ്ടമായോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ എന്നെല്ലാം ആദ്യ ദിനത്തിലെ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ മനസിലാകും. ഈ പരീക്ഷ പാസാകുക എന്നത് അത്ര ചെറിയ കാര്യമല്ല. വൻ ഹൈപ്പോടെ എത്തിയ പല ബ്രഹ്മാണ്ഡ ചിത്രങ്ങളും ഈ ടെസ്റ്റിൽ വീണുപോയിട്ടുമുണ്ട്. ഇപ്പോഴിതാ ആ കടമ്പ വിജയകരമായി കടന്നിരിക്കുകയാണ് ഒരു മാലയാള സിനിമ.
മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് ആണ് ആ ചിത്രം. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. പൊലീസ് വേഷം ചെയ്യാൻ മമ്മൂട്ടി അല്ലാതെ മറ്റൊരാൾ ഇല്ലെന്ന് ആരാധകർ പറഞ്ഞു. എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ മികച്ചൊരു ക്രൈ ത്രില്ലറും റോഡ് മൂവിയും ആയ കണ്ണൂർ സ്ക്വാഡിന്റെ ബുക്കിംഗ് വിവരങ്ങളാണ് പുറത്തുവരുന്നത്.
ആദ്യ ഷോയ്ക്ക് പിന്നാലെ വൻ കുതിപ്പാണ് ബുക്കിങ്ങിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്. രാവിലത്തേതിൽ വിഭിന്നമായി റെക്കോർഡ് ബുക്കിങ്ങാണ് നടക്കുന്നതെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
അതോടൊപ്പം തന്നെ തിയറ്ററുകളിൽ എക്സ്ട്രാ ഷോകൾക്കും ആരംഭമായിട്ടുണ്ട്. കണ്ണൂർ സ്ക്വാഡിനായി തിരുവനന്തപുരത്ത് 50ഓളം പുതിയ സ്‌ക്രീനുകൾ നാളെ മുതൽ ഉണ്ടാകും. കേരളത്തിലൊട്ടാകെ 70ഓളം സ്ക്രീനുകളില്‍ നാളെ മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
അതേസമയം, മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബി വർഗീസ് രാജ് ആണ്. മമ്മൂട്ടി മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ സംവിധായകനെ സമ്മാനിച്ചിരിക്കുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിന് വൻ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..