മലയാളം സീരിയലുകളിലെ അഭിനേതാക്കളെ ഇവിടുത്തെ സിനിമക്കാര്‍ക്ക് പുച്ഛമാണെന്ന് നടി കന്യ ഭാരതി. പുറത്തുനിന്നുള്ള സീരിയല്‍ സീരിയല്‍ താരങ്ങള്‍ക്ക് അവസരം കൊടുത്താലും കേരളത്തിലെ സീരിയല്‍ താരങ്ങളെ മലയാളസിനിമ പരിഗണിക്കാറില്ലെന്നും കന്യ പറഞ്ഞു. ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് കന്യ ഭാരതിയുടെ അഭിപ്രായ പ്രകടനം.

സിനിമയിലെ അവസരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കന്യയുടെ പ്രതികരണം. 'മലയാളത്തിലെ സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാര്‍ക്ക് വേണ്ടല്ലോ.. കേരളത്തിന് പുറത്തുള്ള സീരിയല്‍ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയല്‍ താരങ്ങളോട് അവര്‍ക്ക് പുച്ഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവര്‍ ശ്രദ്ധിക്കില്ല. നടിമാരാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്. ഞങ്ങളെ അഞ്ചും ആറും കൊല്ലമായി പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സീരിയല്‍ താരങ്ങളെ മാത്രം തഴയുന്നത് ശരിയല്ല.' എത്രയോ കലാകാരന്‍മാര്‍ വെറുതെയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആത്മയും അമ്മയുമടക്കമുള്ള സംഘടനകള്‍ ഇടപെടണമെന്നും കന്യ ആവശ്യപ്പെടുന്നു. 

 

നിരവധി സിനിമകളിലും അതിലധികം സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിട്ടുള്ള താരമാണ് കന്യ ഭാരതി. സിനിമകളില്‍ പ്രമുഖ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും മിനി സ്‌ക്രീനിലാണ് കന്യ തിളങ്ങിയത്. വിശേഷിച്ചും ചന്ദനമഴ എന്ന ഹിറ്റ് പരമ്പര. അതിലെ മായാവതി എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. മലയാളം സീരിയലുകളില്‍ തുടങ്ങി തെലുങ്ക്, കന്നട, തമിഴ് ഭാഷകളില്‍ അഭിനയ രംഗത്തും പ്രൊഡക്ഷന്‍ രംഗത്തുമെല്ലാം സജീവമാണ് കന്യയിപ്പോള്‍. പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് നാടകത്തിലേക്ക് അഭിനയിക്കാന്‍ അടൂര്‍ പങ്കജം വഴി അവസരം വന്നതിന് പിന്നാലെയാണ് കന്യ സിനിമയിലേക്കും തുടര്‍ന്ന് മിനി സ്‌ക്രീനിലേക്കും എത്തുന്നത്.

മകളുമൊത്ത് ഷോയിലെത്തിയ താരം കുടുംബ ജീവിതവും ആഗ്രഹങ്ങളുമടക്കം തുറന്നുപറഞ്ഞു. ആദ്യമായി അഭിനയരംഗത്തേക്ക് വന്നപ്പോള്‍ പത്താം ക്ലാസുകാരിയായ തനിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. പിന്നീട് ടെലിഫിലിമിലും തുടര്‍ന്ന് സിനിമയിലേക്കും എത്തിപ്പെട്ടു. കുടുംബത്തില്‍ ആര്‍ക്കും അഭിനയം ഇഷ്ടമായിരുന്നില്ലെന്നും കന്യ പറയുന്നു. മകള്‍ വലിയൊരു സിനിമാതാരമാകണം എന്നാണ് ആഗ്രഹമെന്നും കന്യ മനസുതുറന്നു. ഒരു സ്റ്റേറ്റ് അവാര്‍ഡോ ദേശീയ അവാര്‍ഡോ അവള്‍ നേടണം. തനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ലെന്നും കന്യ പറഞ്ഞു. അതേസമയം ടീച്ചറോ ഡോക്ടറോ ആകണമെന്നായിരുന്നു മകള്‍ നിലയുടെ മറുപടി.