ഒടിടി റിലീസിലൂടെ ജനപ്രീതി നേടിയ മലയാള ചലച്ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‍ത കപ്പേള തീയേറ്ററുകളിലെത്തിയത് മാര്‍ച്ച് ആറിന് ആയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വൈകാതെ തീയേറ്ററുകള്‍ അടച്ചതിനാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ചിത്രം. എന്നാല്‍ ജൂണ്‍ 22ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ചിത്രം എത്തിയതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

 

സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.