ഹിന്ദി സിനിമാലോകത്ത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് കരീന കപൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. കരീന കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കരീന കപൂര്‍ സിനിമാ ലോകത്ത് എത്തിയതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴും പ്രേക്ഷകര്‍ തന്നോട് കാണിക്കുന്ന സ്‍നേഹത്തില്‍ താൻ സന്തോഷവതിയാണ് എന്ന് കരീന കപൂര്‍ പറയുന്നു.

രണ്ടായിരത്തില്‍ ജെ പി ദത്തയുടെ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന കപൂര്‍ നായികയായി വെള്ളിത്തിരയിലെത്തുന്നത്. അഭിഷേക് ബച്ചനായിരുന്നു നായകൻ. മുപ്പത്തിയൊമ്പതുകാരിയായ കരീന കപൂറിന് ഇന്നും കൈനിറയെ വേഷങ്ങളുണ്ട്. ആഗ്രഹിക്കുമ്പോഴൊക്കെ അഭിനയിക്കാൻ സാധിക്കുന്നതില്‍ താൻ വലിയ സന്തോഷത്തിലാണ് എന്ന് കരീന കപൂറും പറയുന്നു. സിനിമയില്‍ ഒരാള്‍ക്ക് നായികയായി തുടരാൻ അധികകാലം കഴിയില്ലെന്ന് പറയുമ്പോള്‍ തനിക്ക് ഇത്രയും കാലം അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. പ്രേക്ഷകര്‍ ഇപ്പോഴും കാണിക്കുന്ന സ്‍നേഹവും പിന്തുണയും വലിയ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് തനിക്ക് ഇത്രയും കാലം തുടരാൻ കഴിഞ്ഞതെന്നും കരീന കപൂര്‍ പറയുന്നു.