കളിക്കാരനായും (2007) പരിശീലകനായും (2026) ടി20 ലോകകപ്പ് നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഗൗതം ഗംഭീര്‍ മാറി.

അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പ് ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുമായി ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നിലനിര്‍ത്തിയതോടെ, കളിക്കാരനായും (2007) പരിശീലകനായും (2026) ടി20 ലോകകപ്പ് നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഗംഭീര്‍ മാറി. ഈ വിജയത്തോടെ ഐസിസി ഫൈനലുകളില്‍ തോല്‍വിയറിയാത്തയാള്‍ എന്ന തന്റെ റെക്കോര്‍ഡും അദ്ദേഹം കാത്തുസൂക്ഷിച്ചു.

അദ്ദേഹത്തിന്റെ ടീം തിരഞ്ഞെടുപ്പിനെയും തന്ത്രങ്ങളെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി ഈ ലോകകപ്പ് നേട്ം. താരമെന്ന നിലയില്‍ രണ്ടും പരിശീലകനെന്ന നിലയില്‍ രണ്ടും ഉള്‍പ്പെടെ ഗംഭീറിന്റെ നാലാമത്തെ ഐസിസി കിരീടമാണിത്. പരിശീലക വേഷത്തിന് മുന്‍പേ വലിയ വേദികളിലെ വിശ്വസ്തനായ താരമെന്ന പേര് ഗംഭീര്‍ സ്വന്തമാക്കിയിരുന്നു. 2007 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഫൈനലില്‍ 54 പന്തില്‍ 75 റണ്‍സെടുത്ത് ഗംഭീര്‍ ഇന്ത്യയുടെ വിജയശില്പിയായി. 2011 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ സച്ചിനും സെവാഗും നേരത്തെ പുറത്തായ സമ്മര്‍ദ്ദഘട്ടത്തില്‍ 97 റണ്‍സെടുത്ത് ഗംഭീര്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

പരിശീലകനായുള്ള ജൈത്രയാത്ര

2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റത്. 2025-ല്‍ ഗംഭീറിന്റെ കീഴിലിറങ്ങിയ ഇന്ത്യ, 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഗംഭീറിന് കീഴില്‍ അതിവേഗ ബാറ്റിംഗ് ശൈലിയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ 16 തവണ ഇന്ത്യ 200 കടന്നു. ആറ് തവണ 250 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു.

ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 297 റണ്‍സ് പിറന്നതും ഇതേ കാലയളവിലാണ്. ഗംഭീറിന്റെ കാലയളവില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശരാശരി സ്‌ട്രൈക്ക് റേറ്റ് 158.09 ആണ്, ഇത് ഐസിസിയിലെ പൂര്‍ണ്ണ അംഗരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. രോഹിത് ശര്‍മ തുടങ്ങിവെച്ച ആക്രമണാത്മക ശൈലിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഗൗതം ഗംഭീറിന് സാധിച്ചു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

YouTube video player