വിക്കി കൗശല്‍-  കത്രീന കൈഫ് വിവാഹം സംബന്ധിച്ച ചില കൗതുകരമായ കാര്യങ്ങള്‍.


രാജ്യത്ത് ആരാധകര്‍ കാത്തിരിക്കുന്ന സെലിബ്രിറ്റി വിവാഹമാണ് വിക്കി കൗശലിന്റേതും (Vicky Kaushal) കത്രീന കൈഫിന്റേതും (Katrina Kaif). വിക്കി കൗശലും കത്രീന കൈഫും വൈകാതെ വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്തായാലും ഇരുവരുടെയും വിവാഹം സംബന്ധിച്ച ചില കൗതുകരമായ കാര്യങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ഡിസംബര്‍ അവസാനം ഇരുവരും വിവാഹിതരായേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ സവായ് മധോപൂരിലെ ഒരു ഹോട്ടലാണ് വിവാഹ വേദിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നേരത്തെ സിനിമാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനൊന്നും വിക്കി കൗശലോ കത്രീന കൈഫോ തയ്യാറായിരുന്നില്ല. ഇരുവരുടെയും കുടുംബാംഗങ്ങളും വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടാൻ തയ്യാറായിരുന്നില്ല.

വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക. കൊവിഡിന്റെ പുതിയ വകഭേദം ആശങ്ക സൃഷ്‍ടിക്കുന്നതിനാല്‍ നേരത്തെ തീരുമാനിച്ച അതിഥികളുടെ പട്ടിക ചുരുക്കാൻ തീരുമാനിച്ചുവെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ കത്രീന കൈഫിന്റെ വസതിക്ക് അടുത്ത് സമീപത്തുവെച്ചുള്ള വിക്കി കൗശലിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വിക്കി കൗശലും കത്രീന കൈഫും സാമൂഹ്യമാധ്യമങ്ങളില്‍ മറ്റ് താര ജോഡികളെ പോലെ പരസ്‍പരമുള്ള ഫോട്ടോകള്‍ അങ്ങനെ പങ്കുവയ്‍ക്കാറില്ല.