രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ്. രജനീകാന്തിന്റെ കരിയറിലെ 168-ാം ചിത്രമായ ഈ പ്രോജക്ടില്‍ നായികയാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ കീര്‍ത്തിയുടെ പേര് നേരത്തേ പറഞ്ഞുകേട്ടിരുന്നു. കീര്‍ത്തി സുരേഷിനൊപ്പം ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരുടെ പേരുകളും പല റിപ്പോര്‍ട്ടുകളിലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

'കീര്‍ത്തി സുരേഷ് ആദ്യമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ പോകുന്ന കാര്യം അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്', സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററില്‍ എത്തിയ പ്രഖ്യാപനം ഇങ്ങനെ. ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു. 

ശിവകാര്‍ത്തികേയന്‍ നായകനായ 2016 ചിത്രം 'രജനി മുരുകനി'ലൂടെയായിരുന്നു കീര്‍ത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം കീര്‍ത്തി അഭിനയിച്ചു. അതേസമയം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മനാണ്. സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും. അടുത്ത വര്‍ഷത്തെ ദീപാവലി റിലീസ് ആയാവും തീയേറ്ററുകളില്‍ എത്തുക.