Asianet News MalayalamAsianet News Malayalam

തിയറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശിക്കാം

തിയറ്റര്‍ മേഖലയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍. തിയറ്ററുകള്‍ അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജിലും ഇളവ്

kerala government to avoid entertainment tax on movie ticket more reviving measures for theatres
Author
Thiruvananthapuram, First Published Nov 3, 2021, 7:30 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വന്‍ തകര്‍ച്ച നേരിട്ട സിനിമാ തിയറ്റര്‍ മേഖലയ്ക്ക് (Theatres in Kerala) ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി (Entertainment Tax) ഒഴിവാക്കി. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവും നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഇവയടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍.

വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ ഇളവ് അനുവദിച്ചതിനുശേഷമുള്ള 50 ശതമാനം തുക ആറ് തവണകളായി അടയ്ക്കാനും തിയറ്റര്‍ ഉടമകള്‍ക്ക് അവസരം നല്‍കും. കെട്ടിടനികുതി പൂര്‍ണ്ണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ തിയറ്റര്‍ ഉടമകള്‍ അപേക്ഷ നല്‍കണം. കൊവിഡ് രണ്ടാംതരംഗം സൃഷ്‍ടിച്ച ആറ് മാസത്തെ ഇടവേളയ്ക്കുശേഷം ഒക്ടോബര്‍ 25ന് തുറന്ന തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് നിലവില്‍ പ്രവേശനം. അത് അതേപടി തുടരും. ഇക്കാര്യത്തിലെ ഇളവ് സംബന്ധിച്ച് അടുത്ത ഘട്ടത്തില്‍ ആലോചിച്ചു തീരുമാനം കൈക്കൊള്ളും. അതേസമയം ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രേക്ഷകരെയും തിയറ്ററുകളില്‍ പ്രവേശിപ്പിക്കാം. നേരത്തെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 

ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മറുഭാഷാ ചിത്രങ്ങളാണ് ആദ്യം പ്രദര്‍ശനം ആരംഭിച്ചത്. ഹോളിവുഡില്‍ നിന്ന് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം 2, തമിഴില്‍ നിന്നും ഡോക്ടര്‍ തുടങ്ങിയവയാണ് കേരളത്തിലെ തിയറ്ററുകളില്‍ ആദ്യദിനം എത്തിയത്. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആയിരുന്നു ആദ്യ മലയാളം റിലീസ്. ഇത് 28നാണ് എത്തിയത്. രജനീകാന്തിന്‍റെ അണ്ണാത്തെ ഉള്‍പ്പെടെ ദീപാവലി റിലീസുകള്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് തിയറ്റര്‍ ഉടമകള്‍. ഈ മാസം 12ന് എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് ആയിരിക്കും മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് റിലീസ്.

Follow Us:
Download App:
  • android
  • ios