Film award : ഒരിക്കലും ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: ജയസൂര്യ
മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജയസൂര്യ.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (Kerala film award) കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്‍തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്‍തത്. അവാര്‍ഡ് വിതരണം ചെയ്‍തതിന്റെ ഫോട്ടോകള്‍ പിണറായി വിജയൻ തന്നെ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ച ജയസൂര്യയുടെ (Jayasurya) വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
ഒരിക്കലും ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരൻ എന്ന നിലയില്‍ തന്റെ വളര്‍ച്ച നില്‍ക്കും. അവസാന റൗണ്ടിൽ ഒരുപാട് മികച്ച നടൻമാര്‍ക്കൊപ്പം മത്സരിച്ചാണ് അവാര്‍ഡ് ലഭിച്ചത് എന്നാണ് മാധ്യമങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞത്. തന്റെ ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ച നടനായി മാറുകയാണ് ആഗ്രഹമെന്നുമാണ് ജയസൂര്യ പറഞ്ഞത്.
മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മികച്ച ചിത്രമായതിന്റെ അവാര്‍ഡ് ജിയോ ബേബി ഏറ്റുവാങ്ങി. മികച്ച സ്വാഭവ നടൻ സുധീഷായിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‍കാരം ശ്രീരേഖയും ഏറ്റുവാങ്ങി.
ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'അയ്യപ്പനും കോശിയു'ടെയും പുരസ്ക്കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി ഏറ്റുവാങ്ങി. 'അയ്യപ്പനും കോശി'യിലെ പാട്ടിനും അഭിനയത്തിനുമുള്ള പ്രത്യേക പുരസ്ക്കാരം നാഞ്ചിയമ്മ ഏറ്റുവാങ്ങി. 'എന്നിവര്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായ സിദ്ധാര്‍ഥ് ശിവയും അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ എം ജയചന്ദ്രന്റെ നേതൃത്വത്തിൽ അവാർഡ് ദാനത്തിന് ശേഷം പ്രിയ ഗീതമെന്ന സംഗീത നിശയും നടന്നിരുന്നു.