കൊച്ചി: യവനിക സിനിമയുടെ തിരക്കഥയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ കെ ജി ജോർജ്ജ്. സിനിമയുടെ തിരകഥ ഒരുക്കിയത് താൻ തനിച്ചാണ്. സംഭാഷണം മാത്രമാണ് എസ്എൽ പുരം സദാനന്ദന്‍ എഴുതിയതെന്നും കെജി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 1982 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എൽപുരം സദാനന്ദന്‍റെ പേര് ചിത്രത്തിന്‍റെ യൂട്യൂബിൽ അടക്കമുള്ള പുതിയ പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

പ്രശസ്തിക്ക് വേണ്ടി സംവിധായകൻ കെജി ജോർജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെ തള്ളുകയാണ് കെ ജി ജോർജ്ജ്. തിരക്കഥ തന്‍റേത് മാത്രമാണെന്നും സംഭാഷണം ഒരുക്കാൻ എസ്എൽ പുരം സദാനന്ദനെ താൻ നേരിട്ട് സമീപിക്കുകയാണുണ്ടായതെന്നും കെ.ജി ജോർജ്ജ് പറയുന്നു.

13 വർഷങ്ങൾക്ക് മുമ്പ് യവനികയുടെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോഴും എസ്.എൽ. പുരത്തിന്‍റെ പേര് ഒഴിവാക്കിയതിനെചൊല്ലി വിവാദം ഉയർന്നിരുന്നു. എന്നാൽ അന്ന് തന്നെ കാര്യങ്ങളെല്ലാവരെയും ധരിപ്പിച്ചിരുന്നായി കെ.ജി ജോർജ്ജ് വ്യക്തമാക്കി. ജൂറിയംഗങ്ങൾക്ക് പറ്റിയ അബദ്ധമാണ് 1982 ൽ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ അവാ‍ർഡ് എസ്.എൽ പുരവുമായി പങ്കിടേണ്ടി വന്നത്. എന്നാൽ അന്ന് അത് തിരുത്താൻ പോയില്ല. ജീവിച്ചിരുന്ന കാലത്തോളം എസ്എൽ പുരം തന്‍റെ അടുത്ത സുഹൃത്തായായിരുന്നുവെന്നും കെ.ജി ജോർജ്ജ് പറയുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലാണ് അദ്ദേഹം.