കന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്ത് ഒട്ടേറെ പ്രേക്ഷകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു 'കെജിഎഫ്'. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗമായ 'കെജിഎഫ് 2'ന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുന്നു. 'ഒരു സാമ്രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നു' എന്നാണ് പോസ്റ്ററിലെ വാചകം. ഒരു സംഘം തൊഴിലാളികള്‍ക്കൊപ്പം അധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യഷ് പോസ്റ്ററിലുണ്ട്.

 

2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. 'അധീര' എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിയമവിരുദ്ധമായി സ്വര്‍ണ്ണഖനി നിര്‍മ്മിച്ചെടുത്ത് അതിന്റെ അധിപതിയായ സൂര്യവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് അധീര. 

യഷ് അവതരിപ്പിക്കുന്ന 'റോക്കി'യുടെ കുട്ടിക്കാലം മുതല്‍ സൂര്യവര്‍ധന്റെ മറ്റൊരു മകനായ 'ഗരുഡ'യെ കീഴ്‌പ്പെടുത്തുന്നത് വരെയുള്ള കാലയളവായിരുന്നു കെജിഎഫ് ആദ്യഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ടത്. 'റോക്കി ഭായ്'യും സഞ്ജയ് ദത്തിന്റെ അധീരയും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാംഭാഗത്തിന്റെ പ്രധാന പ്രമേയം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ് ആണ്.