പ്രധാന വില്ലന്‍ കഥാപാത്രമല്ലെങ്കിലും ഒരു പ്രധാന വേഷത്തിലാണ് രാജു അഭിനയിക്കുന്നതെന്നാണ് സൂചന. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള ഒരു സംഘട്ടനരംഗം ചിത്രത്തില്‍ ഉണ്ടാവുമെന്നും അറിയുന്നു

പാന്‍ ഇന്ത്യന്‍ വിജയം നേടിയ കന്നഡ പിരീഡ് ആക്ഷന്‍ ചിത്രം 'കെജിഎഫി'ലെ ശ്രദ്ധേയ വില്ലന്‍ കഥാപാത്രമായിരുന്നു 'ഗരുഡ'. കഥാപാത്രമായി രാമചന്ദ്ര രാജു എന്ന നടന്‍റെ ഗെറ്റപ്പും പെര്‍ഫോമന്‍സുമൊക്കെ ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് രാമചന്ദ്ര രാജു, അതും ആദ്യചിത്രത്തില്‍ തന്നെ മോഹന്‍ലാലിനൊപ്പം. ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ലാണ് അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രധാന വില്ലന്‍ കഥാപാത്രമല്ലെങ്കിലും ഒരു പ്രധാന വേഷത്തിലാണ് രാജു അഭിനയിക്കുന്നതെന്നാണ് സൂചന. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള ഒരു സംഘട്ടനരംഗം ചിത്രത്തില്‍ ഉണ്ടാവുമെന്നും അറിയുന്നു. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ രാമചന്ദ്ര രാജു ആറാട്ടില്‍ അഭിനയിക്കുന്ന വിവരം അറിയിച്ചത്. അദ്ദേഹവുമൊത്തുള്ള ചിത്രീകരണാനുഭവം നന്നായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.