ഈ മാസം 14ന് ആണ് ചാപ്റ്റര്‍ 2 തിയറ്ററുകളില്‍ എത്തുക
മുഖ്യധാരാ കന്നഡ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 (KGF Chapter 1). ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ലോകമാകമാനമുള്ള തിയറ്ററുകളില്‍ ഈ മാസം 14ന് റിലീസ് ചെയ്യപ്പെടാന്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ്. തരംഗം തീര്‍ത്ത ആദ്യ ഭാഗം തിയറ്ററുകളില്‍ കാണാന്‍ സാധിക്കാതിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. അവരെ മുന്നില്‍ക്കണ്ട് ആദ്യഭാഗം തിയറ്ററുകളില്‍ വീണ്ടും എത്തിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ് ചാപ്റ്റര്‍ 1 കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ഇന്നു മുതല്‍ കാണാനാവും.
കന്നഡ പതിപ്പ് 13 സ്ക്രീനുകളിലും തെലുങ്ക് പതിപ്പ് ആറ് സ്ക്രീനുകലിലും തമിഴ് പതിപ്പ് നാല് സ്ക്രീനുകളിലും റിലീസ് ചെയ്‍തപ്പോള്‍ മലയാളം പതിപ്പിന് ഒരു സ്ക്രീന്‍ മാത്രമാണ് ഉള്ളത്. നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ചാണ് ഇത്. കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റര്‍ 1 മലയാളം പതിപ്പ് റീ റിലീസ് ചെയ്‍തിരിക്കുന്നത്.
അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2 ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്യും. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആണ് ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തും എന്നതും പ്രത്യേകതയാണ്. 13നാണ് ഐമാക്സ് റിലീസ്.
കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.
