'ഉണ്ട'യുടെ വിജയത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ലവ്' എന്നു പേരിട്ടു. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ്/ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇരുവരുമാണുള്ളത്. ഇരുവരുടെയും ഫ്രെയിം ചെയ്ത ഒരു ചിത്രം തകര്‍ന്ന മാതൃകയിലുള്ള കൗതുകമുണര്‍ത്തുന്ന ഡിസൈനിലുള്ള പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. തോട്ട് സ്റ്റേഷന്‍റേതാണ് പബ്ലിസിറ്റി ഡിസൈന്‍. പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചിത്രീകരണം ജൂണ്‍ 22ന് ആരംഭിച്ച് ജൂലൈ 15ന് അവസാനിച്ചിരുന്നു. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മ്മാണം. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രമാണിത്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്.