സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് പുതുതായി അഭിനയിക്കുന്നത്. എ ആര്‍ മുരുഗദോസ് ചിത്രമായ ദര്‍ബാര്‍ പൂര്‍ത്തിയാക്കിയ രജനികാന്ത് സിരുത്തൈ ശിവയുടെ ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. ദര്‍ബാറിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം ഖുശ്‍ബുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് ഖുശ്‍ബു.

രജനി സാറിനൊപ്പം 28 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. മുമ്പ് ഞങ്ങള്‍ നിരവധി സിനിമകളില്‍ അഭിനയിച്ചുണ്ട്, ഞങ്ങള്‍ ജോഡിയായത് പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു. എട്ട്, ഒമ്പത് വര്‍ഷമായി ഞാൻ തമിഴ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. എനിക്ക് ഒരു നല്ല സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളാകാൻ ഞാൻ ഇല്ല. അങ്ങനെയിരിക്കെയാണ് സിരുത്തൈ ശിവ എന്നോട് കഥ പറഞ്ഞത്. അത് വേറിട്ട ഒരു കഥാപാത്രമായിരുന്നു. അപൂര്‍വമായി മാത്രമേ ആള്‍ക്കാര്‍ക്ക് അങ്ങനെ അവസരം കിട്ടൂ. പ്രേക്ഷകര്‍ക്കും അത് ഇഷ്‍ടപ്പെടും എന്നാണ് ഞാൻ വിചാരിക്കുന്നത്- ഖുശ്‍ബു പറയുന്നു.   ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രാഹകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണ് രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു.