മോഹന്‍ലാലിന്‍റെ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു

ആദ്യ കാഴ്ചയില്‍ അത്രയേറെ മനസില്‍ പതിഞ്ഞെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാന്‍ മടിക്കുന്ന ചില ചിത്രങ്ങളുണ്ട്. കേന്ദ്ര കഥാപാത്രങ്ങള്‍ നേരിടുന്ന ദുരന്തം കൊണ്ടോ വേദനയുളവാക്കുന്ന എന്‍ഡിംഗ് കൊണ്ടോ ഒക്കെയാവാം അത്. അതേസമയം ആ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നിലനിര്‍ത്തുന്നുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ല്‍ തിയറ്ററുകളില്‍ എത്തിയ കിരീടം എന്ന ചിത്രമാണ് ദൃശ്യ, ശ്രാവ്യ മികവ് കൂട്ടി റീ റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയിരിക്കുന്നത്. നാളെയാണ് മോഹന്‍ലാലിന്‍റെ പിറന്നാള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

4 കെ, ഡോള്‍ബി അറ്റ്മോസില്‍ ആയിരിക്കും മലയാളികളുടെ പ്രിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. ജൂണില്‍ ആയിരിക്കും റിലീസ്. സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സേതുമാധവന്‍. മകനെ ഒരു എസ് ഐ ആയി കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. എന്നാല്‍ ജോലിയില്‍ എപ്പോഴും ആത്മാര്‍ഥത കാണിക്കുന്ന അച്യുതന്‍ നായര്‍ക്ക് അക്കാരണം കൊണ്ടുതന്നെ കിട്ടുന്ന ഒരു ട്രാന്‍സ്ഫര്‍ അയാളുടെയും കുടുംബത്തിന്‍റെയും മുന്നോട്ടുള്ള വഴിയെ ആകെ മാറ്റിത്തീര്‍ക്കുന്നു. എസ് ഐ ആകേണ്ട മകന്‍ അവസാനം നാട്ടുകാര്‍ പേടിക്കുന്ന ഒരു ഗുണ്ടയുടെ മുള്‍ക്കിരീടം അണിയേണ്ടി വരികയാണ്. അച്യുതന്‍ നായരായി തിലകനാണ് എത്തിയത്.

ദേശീയ പുരസ്കാരങ്ങളില്‍ മോഹന്‍ലാലിന് മികച്ച നടനുള്ള സ്പെഷല്‍ മെന്‍ഷന്‍ നേടിക്കൊടുത്ത ചിത്രമാണിത്. മോഹന്‍ലാലും തിലകനും ചേര്‍ന്ന അച്ഛന്‍- മകന്‍ കോമ്പിനേഷന്‍ ആയിരുന്നു ചിത്രത്തിന്‍റെ ആത്മാവ്. മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ചിത്രം വിവിധ കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. നന്നേ ചെറിയ ഷെഡ്യൂളിലാണ് ഈ ചിത്രം സിബി മലയില്‍ പൂര്‍ത്തിയാക്കിയത്. എസ് കുമാര്‍ ആയിരുന്നു ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകന്‍. ജോണ്‍സന്‍റെ പാട്ടുകള്‍ മലയാളി ഇപ്പോഴും സ്ഥിരമായി കേള്‍ക്കുന്നവയാണ്. ഇതേ ടീം 1993 ല്‍ കിരീടത്തിന്‍റെ സീക്വലും പുറത്തിറക്കി. ചെങ്കോല്‍ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. അതിനാല്‍ത്തന്നെ സേതുമാധവന്‍റെ ബി​ഗ് സ്ക്രീനിലേക്കുള്ള മൂന്നാം വരവാണ് ഇത്. അതേസമയം കിരീടം ബി​ഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക്ക് അതിനുള്ള അവസരമാണ് ഒരുങ്ങുന്നത്.

Asianet News Live | Kerala Breaking News | Malayalam News | HD Live 24x7 Streaming