നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു.. കാമുകിയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി.....ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ എത്രയോ സ്ത്രീ വേഷങ്ങൾ. കഥാപരിസരമായ വീടുകളിൽ പ്രധാനവേഷക്കാരുടെ അരിക് പറ്റി നിൽക്കുമ്പോഴും വാക്കിലും നോക്കിലുമെല്ലാം അസാമാന്യമായ ലളിതാ ടച്ച് സാക്ഷ്യപ്പെടുത്തി. 

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത (KPAC Lalitha) . അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ..

നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു.. കാമുകിയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി.....ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ എത്രയോ സ്ത്രീ വേഷങ്ങൾ. കഥാപരിസരമായ വീടുകളിൽ പ്രധാനവേഷക്കാരുടെ അരിക് പറ്റി നിൽക്കുമ്പോഴും വാക്കിലും നോക്കിലുമെല്ലാം അസാമാന്യമായ ലളിതാ ടച്ച് സാക്ഷ്യപ്പെടുത്തി. 

അരങ്ങിൽ നിന്നുള്ള ഊർജ്ജമായിരുന്നു ലളിതയുടെ എക്കാലത്തെയും കരുത്ത്. ഇടയറന്മുളയിൽ ജനിച്ച മഹേശ്വരിയെ , നാടറിയുന്ന ലളിത ആക്കിയത് കെ പി എ സി ആണ്.പത്താം വയസ്സിൽ തുടങ്ങിയതാണ് നാടകാഭിനയം. ചങ്ങനാശ്ശേരി ഗീതയുടെ ബലിയിൽ തുടക്കം. 64 മുതൽ യാത്ര കെ പി എ സി ക്കൊപ്പമായി. മുടിയനായ പുത്രൻ, സർവ്വേ കല്ല്, അശ്വമേധം, ശരാശയ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളിലൂടെ അരങ്ങിലെ താരോദയമായി.

1969ൽ കെഎസ് സേതുമാധവൻ കൂട്ടുകുടുംബം നാടകം, സിനിമയാക്കിയപ്പോൾ നാടക നടി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. പിന്നെ നിരവധി വേഷങ്ങൾ. അടൂരിന്റെ ക്ലാസിക് കൊടിയേറ്റത്തിൽ ഭരത് ഗോപിക്കൊപ്പം നിന്ന നായിക. നായികയാകണമെന്ന നിർബന്ധമില്ലാതെ പിന്നീട് ലളിതയുടെ മികച്ച വേഷങ്ങൾ വെള്ളിത്തിരയിലെത്തി. മതിലുകളിൽ മമ്മൂട്ടിയുടെ ബഷീറിനൊപ്പം ലളിതയുടെ നാരായണി നിറഞ്ഞ് നിന്നത് വെറും ശബ്ദത്തിലൂടെ മാത്രമാണ്. 

സംവിധായകൻ ഭരതനുമായുള്ള വിവാഹശേഷവും ഭരതന്റെ മരണശേഷവും ഒക്കെ ഇടവേള എടുത്തെങ്കിലും പിന്നീടുുള്ള തിരിച്ചുവരവുകളെല്ലാം ലളിത വീണ്ടും വീണ്ടും അനശ്വരമാക്കിക്കൊണ്ടിരുന്നു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറകൾക്കൊപ്പം അവർ ചേ‍ർന്നു നിന്നു. ശാന്തത്തിലെയും അമരത്തിലെയും പ്രകടനത്തിനുള്ള ദേശീയ പുരസ്ക്കാരവും നാല് സംസ്ഥാന അവാർഡുകളും മികവിന്റെ അംഗീകാരങ്ങളായി. 
ചമയമഴിച്ച് മടങ്ങുമ്പോഴും അഭിനയത്തിൻറെ ആരവങ്ങളുയർത്തി ഈ നടി സിനിമാപ്രേമികളുടെ വീട്ടുകാര്യങ്ങളിൽ, മനസ്സിൽ എന്നുമുണ്ടാകും.

Read Also: അഭിനയ മുഹൂർത്തങ്ങൾ ബാക്കിയായി; കെപിഎസി ലളിത ഇനി ഓർമ്മ

From Archives : ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാർ ഓൺ റെകോർഡിൽ കെപിഎസി ലളിതയുമായി നടത്തിയ അഭിമുഖത്തിൽ വീടിനെയും കുടുംബത്തെയും ബാല്യ കാല ജീവതത്തെയും കുറിച്ച് ലളിത മനസ്സ് തുറക്കുന്നു. 

YouTube video player