മോഹൻലാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന. ചിത്രത്തില്‍ മോഹൻലാലിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തിയത് കെപിഎസി ലളിതയാണ്. മോഹൻലാലിന്റെ രസകരമായ അഭിനയമാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രം മുപ്പതാം ദിവസത്തിലേക്ക് എത്തുമ്പോള്‍ പങ്കുവച്ച പോസ്റ്ററിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. മോഹൻലാലിനൊപ്പം കെപിഎസി ലളിതയെയും ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു പോസ്റ്റര്‍. മോഹൻലാലിനൊപ്പം അഭിനയിച്ചിട്ട് ഇതുപോലൊരു പോസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് കെപിഎസി ലളിത പറഞ്ഞതായി സംവിധായകരായ ജിബിയും ജോജുവും പറയുന്നത്.

സംവിധായകരുടെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റർ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നൽകിയ വാക്കുകൾ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.

ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകൾ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാർക്കുമായി ഈ ചിത്രം ഞങ്ങൾ സമർപ്പിക്കുന്നു.

സംവിധായകര്‍ സിനിമയുടെ പോസ്റ്റര്‍ അയച്ചുകൊടുത്തപ്പോള്‍ കെപിഎസി ലളിതയുടെ മറുപടി

ജിബു, ജോജു എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം മോഹൻലാലെന്ന അഭിനയപ്രതിഭയ്‍ക്കൊപ്പം അഭിനയിച്ചിട്ട് ഇങ്ങനെ ഒരു പോസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ല. അതിന് അവസരം തന്ന നിങ്ങളോടുള്ള കടപ്പാട് എന്റെ മരണം വരെ കാണും. നമുക്ക് കഴിവു മാത്രം തന്നാല്‍ പോരെ അത് ഉപയോഗിക്കാൻ മനസ്സുള്ളവരെയും ഇങ്ങോട്ട് അയക്കണം.