ഫാസില്‍ സംവിധാനം ചെയ്‍ത ചിത്രമായ അനിയത്തിപ്രാവിലെ ഡബ്ബിംഗിനായിരുന്നു അക്കൊല്ലത്തെ അവാര്‍ഡും.

കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) ശബ്‍ദവും രൂപവുമൊക്കെ മലയാളികള്‍ക്ക് ഇന്ന് പരിചിതമാണ്. വര്‍ഷങ്ങളായി ഒട്ടേറെ കഥാപാത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ മലയാളികള്‍ക്കൊപ്പമുണ്ട്. സമീപകാലത്ത് മികച്ച വേഷപകര്‍ച്ചകളോടെ കുഞ്ചാക്കോ ബോബൻ മലയാളികളെ അമ്പരപ്പിക്കുകയുമാണ്. അനിയത്തിപ്രാവ് (Aniyathipravu) എന്ന ആദ്യ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ശബ്‍ദമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാകണമെന്നില്ല.

അരങ്ങേറ്റത്തില്‍ ശബ്‍ദം നല്‍കാൻ കുഞ്ചാക്കോ ബോബനോട് അച്ചൻ ബോബൻ കുഞ്ചാക്കോ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒട്ടും ആത്മവിശ്വാസമില്ലാത്തതിനാല്‍ കുഞ്ചാക്കോ ബോബൻ തയ്യാറായില്ല. ഇന്ന് പക്ഷേ കുഞ്ചാക്കോ ബോബന്റെ ശബ്‍ദം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്‍തത് രതിനിര്‍വേദത്തില്‍ ഫെയിമും ഗായകനുമായ കൃഷ്‍ണചന്ദ്രനാണ് (Krishnachandran). മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള അവാര്‍ഡും ആ വര്‍ഷം കൃഷ്‍ണചന്ദ്രന് ലഭിച്ചു. ഫെല്ലിനി ടി പിയുടെ ചിത്രം ഒറ്റിന്റെ തിരക്കിലാണ് ഇപോള്‍ കുഞ്ചാക്കോ ബോബൻ.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് ഒറ്റ് നിര്‍മിക്കുന്നത്.

അരവിന്ദ് സ്വാമിയും ഒറ്റെന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്. ഒറ്റ് എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിജയ് ആണ്. ഈഷ റബ്ബാണ് നായിക. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം.