കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം

പ്രമുഖ തമിഴ് സംവിധായകന്‍ ഷങ്കറിന്‍റെ ആദ്യ ചിത്രമായിരുന്നു 1993ല്‍ പുറത്തെത്തിയ ജെന്‍റില്‍മാന്‍ (Genleman). 27 വര്‍ഷങ്ങള്‍ക്കു ശേഷം ജെന്‍റില്‍മാന്‍റെ രണ്ടാംഭാഗം (gentleman 2) പ്രഖ്യാപിക്കപ്പെട്ടത് 2020ല്‍ ആണ്. നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ (KT Kunjumon) ആണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ആരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. എം എം കീരവാണിയാണ് ജെന്‍റില്‍മാന്‍ 2ന് സംഗീതം പകരുക.

ചിത്രത്തിന്‍റെ സംഗീത സംവിധായകനെ പ്രവചിക്കാനുള്ള ഒരു മത്സരം കുഞ്ഞുമോന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിരവധി സിനിമാപ്രേമികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. പിന്നാലെയാണ് കീരവാണിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടത്. നായകൻ, നായിക, സംവിധായകൻ, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആരൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ നീളുകയായിരുന്നു. വലിയ കാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ട സിനിമയാണിത്.

അര്‍ജ്ജുന്‍ ആയിരുന്നു ജെന്‍റില്‍മാനിലെ നായകന്‍. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്മാണ്ഡമായിരിക്കും എന്ന് കെ ടി കുഞ്ഞുമോന്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഭാഗം തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലുമാവും എത്തുക. "എന്‍റെ ജെന്‍റില്‍മാന്‍ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം ജെന്‍റില്‍മാന്‍ 2 നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ജെന്‍റില്‍മാനേക്കാള്‍ പല മടങ്ങു ബ്രഹ്മാണ്ഡം ജെന്‍റില്‍മാന്‍ 2ൽ കാണാം . ജെന്‍റില്‍മാന്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ, ഹോളിവുഡ് നിലവാരത്തിൽ, മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത്. നടീനടന്മാർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നുവരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ", കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.