കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'. ഇപ്പോഴിതാ മറ്റൊരു ത്രില്ലര്‍ ചിത്രവും ചാക്കോച്ചന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. നയന്‍താരയാണ് ഇതില്‍ നായികയെന്ന പ്രത്യേകതയുമുണ്ട്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം.

ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. 

'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. എറണാകുളം പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന് കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ചിത്രീകരണവുമുണ്ട്.