'അറിയിപ്പ്' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയുമായി കുഞ്ചാക്കോ ബോബൻ. 

മഹേഷ് നാരായണന്റെ (Mahesh Narayanan) സംവിധാനത്തിലുള്ള ചിത്രമായ 'അറിയിപ്പി'ലാണ് (Ariyippu) ഇപോള്‍ കുഞ്ചാക്കോ ബോബൻ (Kunchacko Boban) അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നോയിഡയിലാണ് 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ തന്നെ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

Add Asianetnews as a Preferred SourcegooglePreferred

ബിപിൻ തൊടുപുഴയ്‍ക്കൊന്നിച്ചുള്ള ഒരു വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. 'പ്രണവ് മോഹൻലാല്‍ ലൈറ്റ്' എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനായിരുന്നു 'അറിയിപ്പെ'ന്ന ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. എന്തായാലും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

View post on Instagram

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ 'മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സി യു സൂണെ'ന്ന ചിത്രവും അതിനുമുമ്പ് മഹേഷ് നാരായണൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്.

'എന്താടാ സജീ' എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. ചിരിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്. 'എന്താടാ സജീ' എന്ന ചിത്രത്തില്‍ ജയസൂര്യ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അറിയിപ്പ് എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബൻ 'എന്താടാ സജീ'യില്‍ അഭിനയിക്കുക.