ദുല്‍ഖര്‍ സല്‍മാന്‍റേതായി പ്രഖ്യാപിക്കപ്പെട്ട സിനിമകളില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരുപ്പ് സൃഷ്ടിച്ച ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്'. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായ സെക്കന്‍റ് ഷോയുടെ സംവിധായകന്‍ ഒരുക്കുന്ന പുതിയ ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന ചിത്രമാണ്. ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ചിത്രത്തിന്‍റെ സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ ഷെയര്‍ ചെയ്ത കൂട്ടത്തില്‍ ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ നിമിഷ് രവി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു ലഭിച്ച സെലിബ്രിറ്റി പ്രതികരണങ്ങളില്‍ ഒന്ന് നടി അഹാന കൃഷ്‍ണയുടേതായിരുന്നു. വീഡിയോ നന്നായിട്ടുണ്ടെന്നും പക്ഷേ മോശം തമ്പ് നെയില്‍ ആണെന്നുമായിരുന്നു അഹാന കമന്‍റായി കുറിച്ചത്. ഇനിയെന്നാണ് ഇത് പഠിക്കുകയെന്നും. നിമിഷിന്‍റെ അടുത്ത സുഹൃത്താണ് അഹാന. അഹാന നായികയായ ലൂക്കയുടെ ഛായാഗ്രാഹകനുമായിരുന്നു അദ്ദേഹം. എന്നാല്‍ അഹാനയുടെ കമന്‍റിന് താഴെയെത്തിയ ഒരു പ്രതികരണം വൈറല്‍ ആയി. 'കുറുപ്പ് മൂവി ഒഫിഷ്യല്‍' എന്ന അക്കൗണ്ടില്‍ നിന്നെത്തിയ പ്രതികരണം 'അയിന് നീ ഏതാ?' എന്നായിരുന്നു. ഇത് സിനിമയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് ആണെന്ന് ആളുകള്‍ ധരിച്ചതോടെ കമന്‍റ് വൈറലായി, ഒപ്പം ട്രോളുമായി. എന്നാല്‍ തങ്ങളുമായി ബന്ധമില്ലാത്ത അക്കൗണ്ടാണ് ഇതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് 'കുറുപ്പ്' ടീം.

 
 
 
 
 
 
 
 
 
 
 
 
 

Sneak peek of kurup.. Happy bday to our dearest dq @dqsalmaan

A post shared by Nimish Ravi (@nimishravi) on Jul 27, 2020 at 10:42pm PDT

"കുറുപ്പ് എന്ന ഞങ്ങളുടെ സിനിമയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് @kurupmovie എന്നതാണ്. ഞങ്ങളുടെ സിനിമയുടെ പേര് വഹിക്കുന്ന മറ്റൊരു അക്കൗണ്ടുമായും ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല", സിനിമയുടെ ഒഫിഷ്യല്‍ പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

 

ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രത്തിന്‍റെ ബജറ്റ് 35 കോടിയാണ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖറും എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥ ജിതിന്‍ കെ ജോസിന്‍റേതാണ്. ഡാനിയേല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ വിനി വിശ്വ ലാല്‍. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിനു വേണ്ടി നടത്തിയത്. 

105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍. ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്‍ണൻ.