2013 ല്‍ പുറത്തെത്തിയ ചിത്രം
സിദ്ദിഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 2013 ചിത്രം ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ യുട്യൂബില്‍ എത്തി. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 4 കെ റെസല്യൂഷനില്‍ ചിത്രം കാണാനാവും. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുമായി സഹകരിച്ച് ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രവുമാണ് ഇത്. നരസിംഹം, സ്പിരിറ്റ് എന്നിവയാണ് ഇതിന് മുന്‍പ് ആശിര്‍വാദിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ചിത്രങ്ങള്‍.
ലാലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. നേരത്തെ 1992 ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയുടെ സംവിധാനം സിദ്ദിഖും ലാലും ചേര്‍ന്നായിരുന്നു. ഇക്കാരണത്താല്‍ തന്നെ റിലീസിന് മുന്‍പ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. എന്നാല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.
ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അശ്വതി ചന്ദ്രബോസ് ആയി മീര ജാസ്മിനും എത്തി. മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍, കൃഷ് ജെ സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, കൃഷ്ണ കുമാര്‍, കെ ബി ഗണേഷ് കുമാര്‍, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി, അബു സലിം, ചാലി പാല തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്‍റേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ രചന. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് കെ ആര്‍ ഗൗരിശങ്കര്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ദീപക് ദേവ്.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം കൂടി സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് അത്. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രം അയാള്‍ കഥയെഴുതുകയാണിന്‍റെ കഥ സിദ്ദിഖിന്‍റേത് ആയിരുന്നു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ കമല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മണിച്ചിത്രത്താഴിന്‍റെ സെക്കന്‍റ് യൂണിറ്റ് ഡയറക്ടര്‍മാരില്‍ സിദ്ദിഖ്- ലാലും ഉണ്ടായിരുന്നു.

