ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്‍ഥയിലാണ് ലത മങ്കേഷ്‍കറുടെ ആരോഗ്യ നില എന്നാണ് റിപ്പോര്‍ട്ടുകള്‍. ലത മങ്കേഷ്‍കറുടെ ആരോഗ്യത്തിനായി പ്രാര്‍ഥനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ലത മങ്കേഷ്‍കര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരാനും നമ്മുടെ ഇടയില്‍ ആരോഗ്യത്തോടെ തുടരാനും അവര്‍ക്ക് ദൈവം കരുത്തു പകരട്ടെ. ഭാരതരത്ന ലത മങ്കേഷ്‍കര്‍ക്ക് വേണ്ടി രാജ്യം പ്രാര്‍ഥിക്കുന്നു, ഇന്ത്യയുടെ വാനമ്പാടിക്കായി- ഹേമ മാലിനി എഴുതിയിരിക്കുന്നു. ആയിരക്കണക്കിന് പേരുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളുമായി നിങ്ങൾക്ക് ഉടൻ സുരക്ഷിതമായി വീട്ടിലെത്താമെന്നാണ് ശബാനി ആസ്‍മി എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് ലത മങ്കേഷ്‍കറെ മുംബൈ ബീച്ച് ക്രാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലത മങ്കേഷ്‍കറുടെ ആരോഗ്യനില ഗുരുതരാവസ്‍ഥയിലാണെങ്കിലും കഴിഞ്ഞദിവസത്തേക്കാള്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.