ലതാ മങ്കേഷ്‍കറെ മലയാളം പാട്ട് പഠിപ്പിക്കാൻ അവസരം കിട്ടിയ യേശുദാസ്.

ഇന്ത്യൻ സിനിമാ പിന്നണിഗാനരംഗത്തെ വിഖ്യാതരായ ഗായകരാണ് കെ ജെ യേശുദാസും ലതാ മങ്കേഷ്‍കറും (Lata Mangeshkar). ഇരുവരും ഒന്നിച്ചെത്തിയ നിരവധി ഗാനങ്ങൾ സംഗീതാസ്വാദകരുടെ പ്രിയഗാനങ്ങളാണ്. എന്നാൽ തന്റെ ചെറുപ്പം മുതൽ ഏറെ ആരാധനയോടെ നോക്കിക്കണ്ട ലതാ മങ്കേഷ്‍റെ പാട്ട് പഠിപ്പിക്കാനുള്ള ഭാഗ്യം യേശുദാസിന് ഒരിക്കൽ ലഭിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായ ചെമ്മീനിന് വേണ്ടിയായിരുന്നു അത്.

'ചെമ്മീനി'ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ‘കടലിനക്കരെ പോണേരേ...’ എന്ന പാട്ട് ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ സലിൽ ചൗധരി തീരുമാനിക്കുക ആയിരുന്നു. ഇക്കാര്യം സലിൽ ചൗധരി ആദ്യം പറഞ്ഞപ്പോൾ മടികാണിച്ച ലതാജി, പിന്നീട് സമ്മതം മൂളി. പിന്നീട് മലയാള ഉച്ചാരങ്ങൾ തെറ്റാതിരിക്കാനുള്ള പഠിത്തമായിരുന്നു. അതിനായി ചിത്രത്തിന്റെ സംവിധായകൻ രാമു കാര്യാട്ട് നിയോഗിച്ചതാകട്ടെ സാക്ഷാൽ ഗാനഗന്ധർവ്വനെയും.

താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ട് പഠിപ്പിക്കുക എന്നത് യോശുദാസിനെ സംബന്ധിച്ചിടത്തോളം സ്വപ്‍ന തുല്യമായിരുന്നു. താമസിക്കാതെ സിനിമാ ടീം മുംബൈയിൽ എത്തി ലതാജിയെ കണ്ടു, പാട്ടും പറഞ്ഞു കൊടുത്തു. പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. ഒടുവിൽ തനിക്ക് വഴങ്ങാത്ത ഭാഷയിൽ പാടാൻ ലതാജി തയ്യാറാകാത്തതോടെ ആ പാട്ട് യേശുദാസ് പാടുകയായിരുന്നു.

YouTube video player

ലതാ മങ്കേഷ്‍കറെ മലയാളത്തിൽ പാടിക്കണം എന്ന സലിൽ ചൗധരിയുടെ ആഗ്രഹം ചെന്നെത്തിയത് 'നെല്ല് 'എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തിൽ സലിലിന്റെ നിർബന്ധത്തിനു വഴങ്ങി ലതാജി ഒരു പാട്ടു പാടി. ‘കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ ...’എന്ന ഗാനമായിരുന്നു അത്. ഇതായിരുന്നു ലതാജിയുടെ ആദ്യത്തെയും അവസാനത്തെയും മലയാളം പാട്ട്.