Asianet News MalayalamAsianet News Malayalam

രണ്ടാമനും മടങ്ങി, ഡി കമ്പനി ഇനിയില്ല, ലിജീഷ് കുമാര്‍ എഴുതിയ കുറിപ്പ്

ഡെന്നീസ് സർ, എന്തു കിടപ്പാണിത് - കരയിപ്പിക്കാനായിട്ട് !! പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ ? കാത്തിരിക്കണോ, അടുത്ത അമാവാസിക്ക് തിരിച്ചു വരുമോ ?.ലിജീഷ് കുമാര്‍ എഴുതുന്നു.
 

Lijeesh Kumar writes about Dennis Jospeh
Author
Kochi, First Published May 11, 2021, 3:35 PM IST

അധോലോക നായകൻമാരുടെ കഥ പറഞ്ഞ് സിനിമ ഹിറ്റാക്കിയ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായിരുന്നു ദാമോദരൻ മാഷും ഡെന്നീസ് ജോസഫും. ഡെന്നീസ് ജോസഫും കഴിഞ്ഞ ദിവസം വിടവാങ്ങിയിരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തില്‍ ഒരുകാലത്തെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ദാമോദരൻ മാഷിനെയും ഡെന്നീസ് ജോസഫിനെയും കുറിച്ച് ലിജീഷ് കുമാര്‍ എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ലിജീഷ് കുമാറിന്റെ കുറിപ്പ്


രണ്ടാമനും മടങ്ങി, 
ഡി കമ്പനി ഇനിയില്ല!

ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല !! ഒറ്റവാക്കിൽ അധോലോകപ്രവർത്തനങ്ങൾ എന്നു പറയാം. കുപ്രസിദ്ധരായ രണ്ടധോലോക രാജാക്കന്മാരുടെ പിടിയിലായിരുന്നു 90 കളിലെ കേരളം. അതിലൊരാൾ കോഴിക്കോട്ടായിരുന്നു, പേര് ദാമോദർ ഭായ്. രണ്ടാമൻ കോട്ടയത്തുകാരൻ ഒരു ഡെന്നീസ്. ദാമോദർ ആൻഡ് ഡെന്നീസ്, ഇൻ്റർ​പോ​ളി​ൻ്റെ ക്രി​മി​ന​ൽ പ്രൊഫൈ​ലിൽ 90 കളിലെ കേരളത്തെ കൈവെള്ളയില്‍ അമ്മാനമാടിയ ഡി കമ്പനി. അപകടകാരികളായ കുപ്രസിദ്ധർ, കിരീടം വെക്കാത്ത ഗ്യാംഗ്സ്റ്റേഴ്‍സ്

മുംബൈ അധോലോകം നിറയെ ഇവരുടെ ചാരന്മാരായിരുന്നു.  അവിടുത്തെ ആളനക്കങ്ങൾ വരെ കോഴിക്കോട്ടെയും കോട്ടയത്തെയും ഒളിസങ്കേതങ്ങളറിഞ്ഞു. ആരാദ്യമറിയും എന്നത് മാത്രമായിരുന്നു കൗതുകം. കുഞ്ഞാലിക്കയുടെ ഉന്തുവണ്ടി തള്ളി നടന്ന ദേവനാരായണൻ, റസ്ലിംഗ് റിംഗിൽ വെച്ച് മാർട്ടിനെ മലർത്തിയടിച്ച് ദാദയായ കഥ ആദ്യമറിഞ്ഞത് ദാമോദർ ഭായിയാണ്. ആര്യന്മാരുടെ അധോലോകത്തെ പിന്നെ നിയന്ത്രിച്ചത് കാർലോസായിരുന്നു. കാർലോസിനെ വീഴ്ത്താൻ കണ്ണൻ നായർ എന്ന വർക്ക്‌ ഷോപ്പ് മെക്കാനിക്കിനെ ബോംബെക്കയച്ചത് ഡെന്നീസാണ്. പിന്നീട് തിലക് നഗറില്‍ നിന്ന് ബോംബെയെ നിയന്ത്രിച്ച ഡോൺ രാജന്‍ മഹാദേവ് നായര്‍ എന്ന ബഡാ രാജനായിരുന്നു. ദാമോദർ ഭായ് അവന് ഹരിയണ്ണ എന്ന് പേരിട്ടു. ഡെന്നീസിൻ്റെ കണ്ണൻ നായരെപ്പോലെ ഇന്ദ്രജാലക്കാരനായിരുന്നില്ല ഹരിയണ്ണ, ചക്രവ്യൂഹത്തിൽ കുടുങ്ങിപ്പോയ അഭിമന്യുവായിരുന്നു. വെടിയേറ്റ് വീഴും വരെ അയാൾ ബോംബെ അധോലോകത്തെ ഭരിച്ചു. 
രാഷ്ട്രീയത്തിലും ഇവർക്കാഴത്തിൽ വേരുണ്ടായിരുന്നു. ദാമോദർ ഭായിയുടെ ശിവൻ ചുവന്ന കൊടിപിടിച്ചപ്പോൾ, ഡെന്നീസിൻ്റെ മഹേന്ദ്ര വർമ്മ ഖദറിട്ടു. ഭൂമിയിലെ രാജാക്കന്മാർക്കിടയിൽ നിന്ന് മഹേന്ദ്ര വർമ്മ പുറത്തേക്ക് വഴി തേടിയപ്പോൾ, ആത്മവും ബ്രഹ്മവും ഒന്നാണ് എന്നു പറഞ്ഞ് ഗൗഡപാദരുടെ അദ്വൈതത്തിലേക്ക് മടങ്ങി ശിവൻ. ''മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.'' എന്ന് ഡെന്നീസെഴുതിയത്, ദാമോദർ ഭായിയുടെ ശിവനെക്കുറിച്ചാണ്. 

മീഡിയയും ഇവരുടെ കൈയ്യിലായിരുന്നു, വാർത്തകൾ കൊണ്ട് കോളിളമുണ്ടാക്കാൻ ദാമോദർ ഭായി നിയോഗിച്ചത് മാധവൻ കുട്ടിയെയാണ്, ഡെന്നീസ് ജി.കെ യെയും. അന്ന് ന്യൂ ഡൽഹിയായിരുന്നു ഡെന്നീസിൻ്റെ തട്ടകം. ഇങ്ങ് കേരള പോലീസിൽ ദാമോദർ ഭായിയുടെ ഇൻസ്പെക്ർ ബൽറാം ചാർജെടുത്തപ്പോൾ, എഫ്.ഐ.ആറിൽ തന്നെ സേഫാക്കാൻ ഡെന്നീസ് മൊഹമ്മദ് സർക്കാർ ഐപിഎസിനെ ഇറക്കി.

കളികൾക്കൊടുവിൽ 2012 ൽ ദാമോദർ ഭായി മരിച്ചു. വലിയ കളികളൊന്നും കളിക്കാൻ പിന്നെ ഡെന്നീസുമുണ്ടായില്ല. രാത്രി വൈകി ഡെന്നീസ് മരിച്ച വാർത്ത അറിഞ്ഞു. കളി മതിയാക്കി ഡെന്നീസ് മടങ്ങുന്നു എന്ന് ഞാനെഴുതില്ല. കളിയൊക്കെ ഡെന്നീസെന്നോ മതിയാക്കിയതാണ്. ഇതൊരു മടക്കം മാത്രമാണ്. 
മരിക്കും വരെ ദാമോദർഭായിയെ ഞാൻ കണ്ടിട്ടില്ല. ഡെന്നീസിനെ ഒരിക്കൽ കണ്ടിട്ടുണ്ട്, അത് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ചാണ്. അന്ന് കൂടെ അക്ബർ കക്കട്ടിലുമുണ്ട്. ഞങ്ങളിരുന്ന് സംസാരിക്കുമ്പോൾ അയാൾ കേറി വന്നു. അക്ബർക്ക പരിചയപ്പെടുത്തി, ''വിൻസൻ്റ് ഗോമസ് !!'' ഞാൻ വിറച്ചു കൊണ്ട് പറഞ്ഞു, ''ഡെന്നീസ് സാറിനെ എനിക്കറിയാം'' അവർ പൊട്ടിച്ചിരിച്ചു. അവരുടെ സംസാരം തീരും വരെയും ഞാനന്ന് കൗതുകത്തോടെ നോക്കി നിന്നു. ആദ്യമായാണ് ഒരു ഗ്യാംഗ്സ്റ്ററെ നേരിൽ കാണുന്നത്. കാണാൻ പക്ഷേ പാവത്തെപ്പോലെ, ശരിക്കും യാർ ഇവര് ?
മണിരത്നത്തിന്റെ തമിഴ് പടം അഞ്‍ജലിയിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്,
''യാർ ഇവര് ?''
''അവൻ പെരിയ മോസക്കാരൻ, കില്ലർ, ഭയങ്കരമാണ ആള്.''
''അവൻ പേരെന്ന ?''
''അവൻ പേര് ഡെന്നീസ് ജോസഫ്''
ഗ്യാംഗ്സ്റ്റർമാരുടെ ആരാധകനായിരുന്നു മണിരത്നം. ഇരുവരേയും അയാൾ വന്നു കണ്ടിട്ടുണ്ട്. കേരളത്തിൽ കാലു കുത്തിയപ്പോൾ മണിരത്നം ആദ്യം വന്ന് കണ്ടത് ദാമോദർ ഭായിയെയാണ്. ദാമോദർ ഭായിയും ഇങ്ങനെയായിരുന്നിരിക്കുമോ ? കാണാൻ സൗമ്യൻ, കരുനീക്കങ്ങളിൽ കരുത്തൻ !! ആവും. ഭായി എന്ന് കോഴിക്കോട്ടുകാർ വിളിക്കാറില്ല, അവർക്ക് ദാമോദരൻ മാഷാണ്. 

കൊല്ലും കൊലയും ഹരമാക്കിയ കാലത്ത് ഡെന്നീസ് എഴുതിയ ഒരു പുസ്തകമുണ്ട്, ബൻജാര. അതിൽ ഒരു മഹാമൃത്യു പൗർണ്ണമിയെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനാണത്, 'സ്വച്ഛന്ദമൃത്യു ആഗ്രഹിച്ച് ആണ്ടു പിറപ്പിലെ ഒന്നാം പൗർണമിക്ക് യാഗവേദിയിലെ ചിതകളിൽക്കയറി അവർ നിരന്നു കിടക്കും. ഞങ്ങളതിനെ മഹാമൃത്യു പൗർണ്ണമി മഹോത്സവം എന്നു വിളിക്കും. ഭൂമിയിൽ നിന്ന് അഗ്നി പൊട്ടി മുളച്ച് ചിതയെ വിഴുങ്ങും. ആത്മാക്കൾ ദേഹം വിട്ടു പറന്നുയർന്ന് ചന്ദ്രനിലെത്തും. അവിടെനിന്ന് അടുത്ത അമാവാസിക്ക്, മഹാമുക്തി അമാവാസിമഹോത്സവത്തിന് ആത്മാക്കൾ ഇവിടെ വന്നു വാസം തുടങ്ങും. അവർക്കു പിന്നെ യാത്രയില്ല - മഹാമുക്തി !!'
ഇന്നലെയായിരുന്നു മഹാമൃത്യു പൗർണ്ണമി. യാഗവേദിയിലെ ചിതകളിലേക്ക് ഒറ്റയായും കൂട്ടമായും ലോകം നടക്കുന്നതിനിടെ ചുമ്മാ ആ ചിതയിൽ കയറി ഡെന്നീസുമങ്ങ് കിടന്നു. ഡെന്നീസ് സർ, എന്തു കിടപ്പാണിത് - കരയിപ്പിക്കാനായിട്ട് !! പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ ? കാത്തിരിക്കണോ, അടുത്ത അമാവാസിക്ക് തിരിച്ചു വരുമോ ?

Follow Us:
Download App:
  • android
  • ios