ടിനുവിന്‍റെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ; 'ചാവേറി'നെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ഇതിന് മുമ്പ് ഒരു സിനിമയിലും കാണാത്ത രീതിയിലുള്ളൊരു ലുക്കിലാണ് കുഞ്ചാക്കോ ബോബനെ 'ചാവേറി'ൽ കാണാൻ കഴിയുന്നത്.

മലയാള സിനിമാ പ്രേക്ഷകരുടെ കാഴ്ച ശീലങ്ങള്‍ക്ക് കാലത്തിന് അനുസരിച്ച മാറ്റവും, നവയുഗ സിനിമാ സങ്കല്പങ്ങളുടെ പുത്തൻ അനുഭവങ്ങളും സമ്മാനിച്ച ആളാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. എൽജെപിയോടൊപ്പം സംവിധാന സഹായിയായി നിന്ന് സിനിമയുടെ ബാലപാഠങ്ങള്‍ പഠിക്കാൻ തുടക്കമിട്ടയാളാണ് ടിനു പാപ്പച്ചൻ. ആ നിറവിൽ നിന്നുകൊണ്ട് ടിനു, അസാധാരണ സിനിമാനുഭവം നൽകിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. വൻ ഹിറ്റായി മാറിയ ഈ രണ്ട് സിനിമകള്‍ക്കും ശേഷം തന്‍റെ മൂന്നാമത്തെ ചിത്രമായ 'ചാവേറു'മായി ടിനു എത്തുമ്പോൾ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും അര്‍ജുൻ അശോകനും ആന്‍റണി വർഗ്ഗീസും ടിനുവുമായി കൈകോർക്കുന്ന സിനിമയെന്ന രീതിയിലും 'ചാവേർ' പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ശിഷ്യൻ ഒരുക്കിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
''ടിനുവിന്‍റെ സിനിമകളിൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമ (കൂടുതൽ ഇഷ്ടപ്പെട്ട സിനിമ)ആണ് ചാവേര്‍'', എന്നാണ് ലിജോ ജോസിന്‍റെ വാക്കുകള്‍. കഴിഞ്ഞ ദിവസം 'ചാവേർ' ട്രെയിലർ ലോഞ്ച് ചടങ്ങിൽ എത്തിയപ്പോഴായിരുന്നു ലിജോയുടെ പ്രതികരണം. ഇതിന് മുമ്പ് ഒരു സിനിമയിലും കാണാത്ത രീതിയിലുള്ളൊരു ലുക്കിലാണ് കുഞ്ചാക്കോ ബോബനെ 'ചാവേറി'ൽ കാണാൻ കഴിയുന്നത്.
ഇതിനകം എട്ടര ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗ് വണ്ണിൽ കയറി ആവേശമായിരിക്കുകയാണ് 'ചാവേർ' ഒഫീഷ്യൽ ട്രെയിലർ. കട്ടത്താടിയും മീശയും തീപാറുന്ന നോട്ടവും ദേഹമാകെ വെട്ടേറ്റ പാടുകളുമൊക്കെയായി തികച്ചും വന്യമായൊരു ലുക്കിലാണ് അശോകനായി ചാക്കോച്ചന്‍റെ പകർന്നാട്ടം. ഇത് കൂടാതെ സിനിമയിൽ ഞെട്ടിക്കുന്ന ഒട്ടേറെ സർപ്രൈസുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് വിളിച്ചോതുന്നതാണ് രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലർ. നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സംഗീത, മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
ഒടിടിയിലും താരം 'ആർഡിഎക്സ്'; ബാബു ആന്റണിയ്ക്ക് കയ്യടി, 'ലിയോ' പ്രകടനം കാത്ത് ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..