കഴിഞ്ഞ വാരമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
താന്‍ കൂടി പങ്കാളിയായ പുതിയ ചിത്രം മൂണ്‍വാക്കിന്‍റെ രണ്ടാം വാര ഷോ കൗണ്ടില്‍ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ വാരം 140 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ 12 തിയറ്ററുകളില്‍ മാത്രമായി ചുരുങ്ങി. ഇതിലാണ് ലിജോ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
"മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും കൂടി മുന്നിൽ നിന്ന് നയിച്ച "മൂൺവാക്ക്" എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്. ആദ്യ ആഴ്ച- 140 തിയറ്ററുകള്‍. രണ്ടാം ആഴ്ച 12 തിയറ്ററുകള്‍. NB:സിനിമ തിയേറ്ററിൽ കണ്ടവർ ദയവായി അഭിപ്രായം കുറിക്കണം", ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു. ലിജോയും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രവുമാണ് മൂൺവാക്ക്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയത്.
നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ,എന്നിവർ നിർവഹിക്കുന്നു.

