ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച 'ലോക ചാപ്റ്റര്‍ 1' ബോക്സ് ഓഫീസില്‍ ചരിത്രനേട്ടം കുറിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് കളക്ഷനിലേക്ക് ഏതാനും ചുവടുകള്‍ മാത്രം 

മലയാള സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലോക. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ആണ്. നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും. ഫ്രാഞ്ചൈസിയിലെ കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തിയ ആദ്യ ഭാഗം വേഫെററിനെ സംബന്ധിച്ച് എല്ലാ അര്‍ഥത്തിലും വന്‍ നേട്ടം ആവുകയാണ്. ഫ്രാഞ്ചൈസി കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള വലിയ ഊര്‍ജ്ജവും ഈ മഹാവിജയം അവര്‍ക്ക് നല്‍കുന്നു. ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ നിരവധി നേട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്ന് ഉണ്ട്. ഒരുപക്ഷേ വേഫെറര്‍ ഫിലിംസിന്‍റെ ഏറ്റവും സന്തോഷം പകരുന്ന ഒന്ന്.

ചിത്രത്തിന്‍റെ ബജറ്റ് റിക്കവറി കേരളത്തിലെ തിയറ്റര്‍ ഷെയറില്‍ നിന്ന് മാത്രം നടന്നു എന്നതാണ് അത്. 30 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ചിത്രം കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ നേടിയിട്ടുള്ള ഗ്രോസ് 90 കോടിക്ക് മുകളിലാണ്. 40 കോടിയിലേക്ക് അടുക്കുകയാണ് കേരളത്തിലെ തിയറ്റര്‍ ഷെയര്‍. ബജറ്റ് മാത്രമല്ല, ചിത്രത്തിന്‍റെ സ്ക്രീനിംഗ്, പബ്ലിസിറ്റി ചെലവുകളും കേരളത്തിലെ ഷെയറില്‍ നിന്ന് നിര്‍മ്മാതാവിന് തിരിച്ചുകിട്ടി. ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടമാണ് ലോക ചാപ്റ്റര്‍ 1 ലൂടെ വേഫെറര്‍ സ്വന്തമാക്കിയിരിക്കുന്നത്.

വിതരണക്കാരുടെ കമ്മീഷന്‍ കിഴിച്ചിട്ടുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഇതര സംസ്ഥാനങ്ങളിലെയും തിയറ്റര്‍ ഷെയര്‍, ഒടിടി, സാറ്റലൈറ്റ് അടക്കമുള്ള മറ്റ് റൈറ്റ്സ് അടക്കമുള്ളവയിലൂടെ വരുന്ന തുക എല്ലാം വേഫെററിന്‍റെ ലാഭക്കണക്കുകളിലേക്കാണ് പോകുന്നത്. അതേസമയം വലിയ റിസ്ക് ആണ് ലോകയിലൂടെ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ദുല്‍ഖര്‍ എടുത്തത്. ഒരു ലേഡ് സൂപ്പര്‍ഹീറോ എന്നത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുതുമയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായാണ് നായികാപ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ കടക്കുന്നത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി കടന്നിട്ടുണ്ട് ലോക. എമ്പുരാന് ശേഷം ഈ ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. 15 കോടി കൂടി നേടിയാല്‍ എമ്പുരാനെ മറികടന്ന് മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കളക്റ്റ് ചെയ്യുന്ന ചിത്രമായി ലോക മാറും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming