ദീപാവലി റിലീസായി തിയേറ്ററിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കാർത്തി ചിത്രം 'കൈതി'. ഡാർക്ക് തീമിൽ അണിയിച്ചൊരുക്കിയ ആക്‌ഷൻ ത്രില്ലറായ ചിത്രം ബോക്സ്ഓഫീസിലും മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. മാനഗരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ത്തിക്കൊപ്പം മലയാളി താരങ്ങളായ നരെയ്‌നും ഹരീഷ് പേരടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായികയോ, ഗാനങ്ങളോ ഇല്ലാത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ 'ഡില്ലി' എന്ന കഥാപാത്രമായാണ് കാർത്തി എത്തിയത്. ചടുലമായ ആക്ഷൻ രംഗങ്ങളും മികച്ച ഛായഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തെ വേറിട്ട് നിർത്തിയത്. കൈതി ഒരുക്കിയ അതേ ടീം തന്നെയായിരിക്കും രണ്ടാംഭാ​ഗത്തിനായി അണിനിരക്കുകയെന്നാണ്‌ സൂചന. വിജയിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന 'ദളപതി 64'ന് ശേഷമായിരിക്കും കൈതിയുടെ രണ്ടാംഭാ​ഗം ഒരുക്കുക. 

നടന്‍ കാര്‍ത്തി, നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്ച്ചേഴ്സ്, സം​ഗീതസംവിധായകന്‍ സി എസ് സാം, എഡിറ്റര്‍ ഫിലോമിന്‍ രാജ് എന്നിവരും സിനിമയുടെ രണ്ടാംഭാ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. മണിരത്നം ഒരുക്കുന്ന ചരിത്രസിനിമയായ 'പൊന്നിന്‍ സെല്‍വ'ന്റെ ഭാ​ഗമാണ് കാര്‍ത്തിയിപ്പോള്‍. വിക്രം, വിജയ് സേതുപതി, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, ജയം രവി തുടങ്ങിയ വലിയ താരനിരയാണ് സിനിമയിലുള്ളത്.