രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ കൂലി ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പോടെയായിരുന്നു എത്തിയത്. ഇരുപത്തിയൊന്ന് ദിവസത്തെ പ്രദർശനത്തിന് ശേഷം 282 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.
രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.
ഇനി മുതൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് സിനിമകൾ എഴുതില്ലെന്ന് ലോകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. "പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമർശിക്കാൻ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, അതൊരു ടൈം ട്രാവൽ ആയിരിക്കുമെന്നോ അല്ലെങ്കിൽ എൽസിയു ആയിരിക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല, പക്ഷേ പ്രേക്ഷകരത് പ്രതീക്ഷിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഞാൻ ഒരിക്കലും കഥകൾ എഴുതില്ല. പ്രതീക്ഷകൾക്കൊത്ത് ഉയരുകയാണെങ്കിൽ അത് നല്ലതാണ്, ഇല്ലെങ്കിൽ ഞാൻ ശ്രമിക്കാം കൂലിക്ക് വേണ്ടി താൻ ചിലവഴിച്ചത് 18 മാസമാണ്. ആ സമയം കൊണ്ട് സിനിമയുടെ ഹൈപ്പ് ഒരുപാടു ഉയർന്നു. ട്രെയ്‌ലര്‍ റിലീസാകുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവല്‍, എല്‍സിയു പോലുള്ള തിയറികൾ ഉണ്ടാക്കികഴിഞ്ഞു, അതെല്ലാം എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നെല്ലാം പ്രേക്ഷകർ ചിന്തിച്ചുവച്ചു കഴിഞ്ഞു. ഇത്തരം പ്രതീക്ഷകൾ എങ്ങനെയാണ് ഞാൻ കുറയ്ക്കുക?" കോയമ്പത്തൂർ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ലോകേഷിന്റെ പ്രതികരണം.


