അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം

അഭിനേതാക്കളില്‍ പലരും സംവിധായകരുടെ കുപ്പായമണിയുന്ന കാലമാണ് ഇത്. ഇപ്പോഴിതാ അതിന് നേര്‍ വിപരീതമായി ഒരു പ്രശസ്ത സംവിധായകന്‍ നായകനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകനാവാന്‍ ഒരുങ്ങുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ബിഗ് സ്ക്രീനിലേക്ക് എത്തുക. റോക്കി, സാനി കായിദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. 

നേരത്തെ ഇളയരാജയുടെ ബയോപിക് ആണ് അരുണ്‍ മാതേശ്വരന്‍ ചെയ്യാനിരുന്നത്. എന്നാല്‍ തല്‍ക്കാലം ലോകേഷ് നായകനാവുന്ന പ്രോജക്റ്റിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ് സംവിധായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇനിയും എത്തിയിട്ടില്ലെങ്കിലും സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ഈ പ്രോജക്റ്റ്. 

നായകനാവുന്നത് ആദ്യമായി ആണെങ്കിലും തന്‍റെ തന്നെ ചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോയിലൂടെയുമൊക്കെ ക്യാമറയ്ക്ക് മുന്‍പ് നേരത്തേ എത്തിയിട്ടുള്ള ആളാണ് ലോകേഷ് കനകരാജ്. താന്‍ തന്നെ സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററില്‍ ലോകേഷ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ വരികള്‍ എഴുതിയ ഇനിമെയ് എന്ന മ്യൂസിക് വീഡിയോയിലും ലോകേഷ് അഭിനയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭ പരീക്ഷിക്കാനുള്ള അവസരം ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. നായകനാവുന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് അക്കാര്യം അറിയാനാവും. 

കോളിവുഡ് ബോക്സ് ഓഫീസില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയങ്ങള്‍ നേടിയ സംവിധായകരില്‍ ഒരാളാണ് ലോകേഷ്. കൈതി മുതല്‍ ഇങ്ങോട്ടുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളെല്ലാം വലിയ സാമ്പത്തിക വിജയങ്ങളാണ്. അവസാനത്തെ മൂന്ന് ചിത്രങ്ങളായ മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ ചേര്‍ന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 1284 കോടിയാണ്. 

അതേസമയം കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ലോകേഷിന്‍റേതായി അടുത്ത് പുറത്തെത്താനുള്ളത്. കൂലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഓഗസ്റ്റ് 14 ന് ആണ്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ജയിലറിന് ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന രജനികാന്ത് ചിത്രമാണ് ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം