'ലിയോ വെട്രിയടയണം'; റിലീസിന് ആറ് ദിവസം, തിരുപ്പതി ദർശനം നടത്തി ലോകേഷ്
കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ് ലോകേഷിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

തമിഴിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ഷോർട് ഫിലിമിലൂടെ തന്റെ കരിയർ ആരംഭിച്ച ലോകേഷിന്റെ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ലിയോ ആണ്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററിലെത്തും. ഇതിനോട് അനുബന്ധിച്ച് തിരുപ്പതിയിൽ ദർശനം നടത്തിയിരിക്കുകയാണ് ലോകേഷ്.
ഇന്ന് രാവിലെയാണ് ലോകേഷ് കനകരാജും സംഘവും തിരുപ്പതിയിൽ ദർശനം നടത്തിയത്. ലിയോ വിജയം കൈവരിക്കണം എന്ന ആവശ്യവുമായാണ് സംവിധായകൻ ക്ഷേത്രത്തിൽ എത്തിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലിയോയുടെ സഹ തിരക്കഥാകൃത്തായ രത്ന കുമാറും ലോകേഷിനൊപ്പം ഉണ്ടായിരുന്നു.
മാസ്റ്ററിന് ശേഷം ഹിറ്റ് സംവിധായകനും നടനും ഒന്നിക്കുന്നതിനാൽ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രി- റിലീസ് ബിസിനസിൽ ഇതിനോടകം മികച്ച നേട്ടം ലിയോ കൈവരിച്ച് കഴിഞ്ഞു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. സഞ്ജയ് ദത്ത്, തൃഷ, അർജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി വൻ താരനിര വിജയ്ക്ക് ഒപ്പം ലിയോയിൽ അണിനിരക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ പാർതി എന്ന തമിഴ് കുടുംബത്തിന്റെ കഥയാണ് ലിയോ പറയുന്നത് എന്നാണ് വിവരം.
കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ് ലോകേഷിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തിന്‍റെ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് വിജയം സ്വന്തമാക്കിയിരുന്നു. വാരിസ് ആയിരുന്നു വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
'വിജയിയെ സ്ക്രീനിൽ പാത്താല്‍ പോതും', അവന്റെ പടം പരാജയപ്പെടില്ല; മകനെ കുറിച്ച് വാചാലനായി ചന്ദ്രശേഖർ