മലയാളസിനിമകളുടെ മറുഭാഷാ മൊഴിമാറ്റ പതിപ്പുകള്‍ പലപ്പോഴും യുട്യൂബില്‍ വമ്പന്‍ വിജയങ്ങള്‍ നേടാറുണ്ട്. മലയാളം ഒറിജിനല്‍ വലിയ വിജയങ്ങളാകാത്ത ചിത്രങ്ങള്‍ പോലും മൊഴിമാറ്റ പതിപ്പുകളില്‍ ചിലപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയി മാറാറുണ്ട്. ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് ഒമര്‍ ലുലുവിന്‍റെ റൊമാന്‍റിക് കോമഡി ചിത്രം 'ഒരു അഡാറ് ലവ്'.

'ലവേഴ്സ് ഡേ' എന്ന പേരില്‍ ജൂണ്‍ 12നാണ് അഡാറ് ലവിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്. തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. ചിത്രം ഇതിനകം നേടിയിരിക്കുന്ന വ്യൂവര്‍ഷിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ച് കോടിയിലേറെ കാഴ്ചകളാണ് ഇതിനകം ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. യുട്യൂബ് ലിങ്കിനു താഴെ 19,000ല്‍ ഏറെ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്. ഭൂരിഭാഗവും ചിത്രത്തെ പ്രശംസിച്ചുള്ളത്. 4.3 ലക്ഷത്തിലേറെ ലൈക്കുകള്‍ നേടിയപ്പോള്‍ 45,000ലേറെ ഡിസ്‍ലൈക്കുകളും ചിത്രം നേടി.

പ്രിയ പ്രകാശ് വാര്യര്‍ പ്രത്യക്ഷപ്പെട്ട 'മാണിക്യമലരായ' എന്ന ഗാനത്തിലൂടെ റിലീസിനു മുന്‍പേ വന്‍ പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നു ഒരു അഡാറ് ലവ്. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വാലന്‍റൈന്‍സ് ഡേയ്ക്കായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.