ലതാ മങ്കേഷ്കറിനൊപ്പം നാലുവരി മലയാളത്തില്‍ പാടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇതുപോലൊരു മാസ്മരിക ശബ്ദം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ (Lata Mangeshkar) നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍ (M G Sreekumar). ലതാജി ഒരു ഹമ്മിംഗ് പാടിയാല്‍ പ്രചഞ്ചം തന്നെ നിശ്ചലമാകും. ഈശ്വരന്‍ നെറുകയില്‍ തൊട്ട് അനുഗ്രഹിച്ച വ്യക്തിയാണ് ലതാജിയെന്നും എംജി ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എം ജി ശ്രീകുമാറിന്‍റെ വാക്കുകള്‍
ലതാ മങ്കേഷ്കറിനെക്കുറിച്ച് ഒരുപാട് ഒരുപാട് ഓര്‍മ്മകളുണ്ട്. ബോംബെയില്‍ ലതാജിയുടെ പല റെക്കോര്‍ഡിങ്ങുകള്‍ കണ്ടിട്ടുണ്ട്. ലോകത്തിന്‍റെ വാനമ്പാടി ലതാ മങ്കേഷ്കറിനൊപ്പം നാലുവരി പാടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. പാട്ടുപാടുമ്പോള്‍ ഇതൊരു ഹിന്ദി സിനിമയ്ക്കാണെന്ന് അറിഞ്ഞിരുന്നില്ല. റഹ്മാന്‍ സാര്‍ പാട്ട് പാടാന്‍ പറഞ്ഞു. ഏത് സിനിമയാണെന്നൊന്നും ചോദിച്ചില്ല. പാടി കഴിഞ്ഞപ്പോള്‍ ലതാജി വന്നു. ലതാജി പാടിക്കഴിഞ്ഞപ്പോള്‍ പാട്ടിന്‍റെ കളറങ്ങ് മാറി. എം ജി ശ്രീകുമാറിനെ ഹിന്ദിയില്‍ തിരിച്ചറിയുന്നത് തന്നെ ഈ നാലുവരി മലയാളം പാട്ടിലൂടെയാണ്. അതിന് കാരണഭൂതയായത് ലതാജിയാണ്. അവരുടെ അത്രയും മനോഹരമായ ആലപാനത്തിന്‍റെ ഇടയ്ക്ക് എന്‍റെ നാലുവരി വന്നപ്പോളാണ് ഞാന്‍ ഹിന്ദിയില്‍ പാട്ട് പാടിയിട്ടുണ്ടെന്ന് എല്ലാവരും അറിയുന്നത്.
ഇതുപോലൊരു മാസ്മരിക ശബ്ദം ഇതുവരെ കേട്ടിട്ടില്ല. എല്ലാവര്‍ക്കും വ്യത്യസ്ഥമായ ശബ്ദമാണ്. എന്നാല്‍ ലതാജി ഒരു ഹമ്മിംഗ് പാടിയാല്‍ പ്രചഞ്ചം തന്നെ നിശ്ചലമാകും. ഈശ്വരന്‍ നെറുകയില്‍ തൊട്ട് അനുഗ്രഹിച്ച വ്യക്തിയാണ് ലതാജി. ലതാജി നമ്മളെ വിട്ട് പോയെന്നത് വല്ലാത്തൊരു വേദനയാണ്. ഒരുപാട് പാട്ടുകള്‍ മിന്നിമായുകയാണ്. ലോകമെമ്പാടുമുള്ള കലാസ്നേഹികള്‍ക്ക് നഷ്ടം തന്നെയാണ്. ലതാജിയുടെ പാട്ട് ലതാജി പാടിയ പൂര്‍ണ്ണതയോടും ശബ്ദമാധുര്യത്തോടും അതിന്‍റെ ഭാവത്തോട് കൂടിയും മറ്റൊരു വ്യക്തിക്ക് പാടാന്‍ പറ്റുമോയെന്ന് സംശയമാണ്.
