ചിത്രത്തിന്‍റെ റിലീസ് 25 ന്
2017 മുതല്‍ തമിഴ് പ്രേക്ഷകരുടെ മുന്നിലുണ്ട് ഫഹദ് ഫാസില്‍. വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ തുടക്കം. പിന്നീട് സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍, വേട്ടൈയന്‍ എന്നിങ്ങനെ തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍. ഒപ്പം മലയാളത്തിലെയും തെലുങ്കിലെയും ഫഹദ് ചിത്രങ്ങളും തമിഴ് പ്രേക്ഷകര്‍ കാണുന്നും വിലയിരുത്തുന്നുമുണ്ട്. ഇപ്പോഴിതാ ഫഹദ് കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന പുതിയൊരു തമിഴ് ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. സുധീഷ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഫഹദും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരീസന്‍ ആണ് അത്. 25 നാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് എങ്കിലും ചിത്രത്തിന്‍റെ ആദ്യ റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കായി തമിഴ്നാട്ടില്‍ നടന്ന സ്പെഷല്‍ പ്രിവ്യൂ ഷോയില്‍ നിന്നുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തെത്തുന്നത് എല്ലാം. പതിയെ തുടങ്ങി മികച്ച ഇന്റര്‍വല്‍ ബ്ലോക്കിലെത്തുന്ന ചിത്രത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ എന്‍ഗേജിംഗ് ആണെന്ന് വിതരണക്കാരനായ കാര്‍ത്തിക് രവിവര്‍മ എക്സില്‍ കുറിച്ചു. നല്ല ഒരു സന്ദേശം ചിത്രം നല്‍കുന്നുണ്ടെന്നും. എപ്പോഴത്തെയും പോലെ ഫഹദ് നന്നായപ്പോള്‍ ഷോ സ്റ്റീലര്‍ ആയത് വടിവേലു ആണെന്നും അദ്ദേഹം കുറിക്കുന്നു. സൗത്ത് ട്രാക്കര്‍ എന്ന ഹാന്‍ഡില്‍ ചിത്രത്തിന് അഞ്ചില്‍ മൂന്നര സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. മികച്ച സസ്പെന്‍സ് ഇമോഷണല്‍ ത്രില്ലര്‍ എന്നാണ് ചിത്രത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച തിരക്കഥയും ഫഹദിന്‍റെയും വടിവേലുവിന്‍റെയും അതിനൊത്ത പ്രകടനങ്ങളുമാണ് ചിത്രത്തിലേതെന്നും അവര്‍ കുറിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടെ സംഗീത വിഭാഗവും മികച്ചുനില്‍ക്കുന്നെന്നും. സില്ലാകി മൂവീസ് എന്ന ഹാന്‍ഡില്‍ അഞ്ചില്‍ നാല് മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഗംഭീര ത്രില്ലര്‍ എന്നാണ് സിനിമാപട്ടി എന്ന ഹാന്‍ഡില്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു കള്ളന്‍റെ റോളിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മറവിരോഗമുള്ള ആളാണ് വടിവേലുവിന്‍റെ കഥാപാത്രം. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. 2023 ല്‍ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചന്‍. അതേസമയം മികച്ച അഭിപ്രായങ്ങള്‍ പ്രിവ്യൂ ഷോയില്‍ വന്നതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ധിച്ചിട്ടുണ്ട്.

