മലയാള സിനിമയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് മാടമ്പ് കുഞ്ഞിക്കുട്ടൻ.

വെള്ളിത്തിരയിലെ വേഷങ്ങളിലൂടെ മാത്രം പരിചയപ്പെട്ടവര്‍ക്ക് വൈദഗ്ദ്ധ്യമുള്ള ആനവൈദ്യനായിട്ടാകും മാടമ്പിനെ ഓര്‍മ വരിക. തലയെടുപ്പുള്ള വൈദ്യനാകും മാടമ്പിന്റെ രൂപത്തില്‍ മനസിലേക്ക് എത്തുക. നോട്ടത്തിലും മൂളലിലും പോലും തഴക്കവും ഗാംഭീരവും നിറഞ്ഞ മാടമ്പ്. എന്നാല്‍ വെള്ളിത്തിരയില്‍ വിരിയുന്ന ദൃശ്യവിസ്‍മയത്തിന്റെ എഴുത്തിലേക്കും നോട്ടവും ചിന്തയും പായിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ തലയെടുപ്പുള്ള തിരക്കഥാകൃത്തായി മാറും മാടമ്പ് കുഞ്ഞിക്കുട്ടൻ.

മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരനായി പേരെടുത്തതിന് ശേഷമാണ് പക്ഷേ മാടമ്പ് സിനിമക്കഥയുടെ പേന കയ്യിലെടുക്കുന്നതും. മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേര് ആദ്യം സിനിമയിലേക്ക് എത്തുന്നത് കഥാകൃത്ത് ആയിട്ടായിരുന്നു. മാടമ്പ് കുഞ്ഞിക്കുട്ടന്റെ തന്നെ അശ്വത്ഥാമാവ് എന്ന നോവലാണ് കെ ആര്‍ മോഹനൻ സിനിമാരൂപത്തിലാക്കുന്നത്. പിന്നീടങ്ങോട്ട് തിരക്കഥാകൃത്തായും നടനായുമൊക്കെ എണ്ണം പറഞ്ഞ സിനിമകളുടെ ഭാഗമായി മാറി മാടമ്പ് കുഞ്ഞിക്കുട്ടൻ.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‍തു, അമൃതസ്യപുത്ര, ഭ്രഷ്‍ട് തുടങ്ങിയവയാണ് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രധാനകൃതികള്‍. അവിഘ്‌നമസ്‍തുവിലൂടെ കേരളസാഹിത്യപുരസ്‌കാരവും സ്വന്തമാക്കി.

അരങ്ങിലൂടെയാണ് ആദ്യമായി നടനായത് എന്ന് മാടമ്പ് കുഞ്ഞിക്കുട്ടൻ ശ്രീജിത്ത് മൂത്തേടത്ത്, സി സി സുരേഷ് എന്നിവര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ക്കുന്നു. വി ടി ഭട്ടതിരിപ്പാടിന്റെ നാടകങ്ങളിലാണ് തുടക്കം. മലയാളത്തിലെ അരങ്ങിന്റെ ചരിത്രത്തിന്റെ പ്രധാന ഏടായ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' നാടകത്തില്‍ ആദ്യം പകരക്കാരനായാണ് നിന്നത്. പിന്നെ അഭിനേതാവായി. പ്രേംജിയാണ് പറഞ്ഞത്, താനഭിനയിച്ചാല്‍ മതിയെന്ന്. പിന്നെ നാട്ടിലെ നാടകങ്ങളിലൊക്കെ അഭിനയിക്കും. സ്‌കൂള്‍ നാടകങ്ങളിലുമൊക്കെയെന്നും മാടമ്പ് അഭിമുഖത്തില്‍ പറയുന്നു.

മൂന്ന് വര്‍ഷം മാത്രമായിരുന്നു മാടമ്പിന്റെ സ്‍കൂള്‍ പഠനം. പിന്നീട് സ്വയം പഠനമായിരുന്നു. സംസ്‌കൃതം പഠിച്ചു. കൊടുങ്ങല്ലൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നു. സംസ്‌കൃതമാണ് പഠിപ്പിച്ചത്. പിന്നീടാണ് ആകാശവാണിയിലേക്ക് വന്നത് എന്നും ശ്രീജിത്ത് മൂത്തേടത്ത്, സി സി സുരേഷ് എന്നിവര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാടമ്പ് വ്യക്തമാക്കുന്നു.

ആനക്കമ്പവും മാടമ്പിന് കുടുംബപശ്ചാത്തലത്തില്‍ നിന്ന് തന്നെ കിട്ടിയതാണ്. മനയില്‍ പണ്ടുമുതലേ ആനയുണ്ട്. പിന്നെ ആറാം തമ്പുരാന്റെയടുത്ത് പഠിച്ചിട്ടുണ്ട്. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെയാണ് ആറാം തമ്പുരാനെന്നു പറഞ്ഞത്. ആനയുടെ ഉത്‍പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്‍കൃത ഗ്രന്ഥമായ മാതംഗലീല പഠിച്ചതായും മാടമ്പ് പറയുന്നു. ആനകളുടെ ചിക്തസയായ ഹസ്‍തായൂര്‍വേദവും മാടമ്പ് പഠിച്ചിട്ടുണ്ട്. ജീവിതത്തിലെ ആ താത്‍പര്യം സിനിമയില്‍ നടനായി എത്തിയപ്പോഴും മാടമ്പിന് തുണയായി. വടക്കുംനാഥൻ അടക്കമുള്ള സിനിമകളില്‍ ആയുര്‍വേദ വൈദ്യനായും മാടമ്പ് പേര് നേടി.

തിരക്കഥയ്‍ക്കുള്ള ദേശീയ പുരസ്‍കാര ജേതാവാകുന്നത് കരുണം എന്ന സിനിമയിലൂടെയാണ്. ജയരാജ് സംവിധാനം ചെയ്‍ത കരുണത്തിലൂടെ മാടമ്പ് ദേശീയ തലത്തില്‍ മികച്ച തിരക്കഥാകൃത്തായി. കരുണത്തിന് പുറമേ പരിണാമം, ശലഭം, മകള്‍ക്ക്, ഗൗരീശങ്കരം തുടങ്ങിയ സിനിമകള്‍‌ക്കും മാടമ്പ് കുഞ്ഞിക്കുട്ടൻ തിരക്കഥയെഴുതി. കരുണം, വടുക്കുംനാഥൻ, അഗ്‍നിനക്ഷത്രം, ദേശാടനം, അശ്വത്ഥാമാവ്, ആനചന്തം തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.