വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച വിസ്മയ മോഹൻലാലിന് രാഷ്ട്രീയ അറിവില്ലെന്ന് പറഞ്ഞതിനെ ന്യായീകരിച്ച് സംവിധായകൻ മേജർ രവി. മായയുടെ പെട്ടെന്ന് മനസ്സലിയുന്ന സ്വഭാവം അറിയുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും, സുഹൃത്തായ മോഹൻലാലിന്റെ മകൾക്ക് വേണ്ടി സംസാരിക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച് പോസ്റ്റിട്ട വിസ്മയ മോഹൻലാലിനെ കുറിച്ച് നടത്തിയ പരാമർശത്തെ ന്യായീകരിച്ച് സംവിധായകൻ മേജർ രവി. മായയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും പെട്ടെന്ന് മനസ്സലിയുന്ന മായയുടെ സ്വഭാവം അറിയുന്നതു കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും മേജർ രവി ന്യായീകരിച്ചു. ആ കുട്ടിക്ക് രാഷ്ട്രീയപരമായ അറിവൊന്നുമില്ലെന്നും അങ്ങേയറ്റം മനുഷ്യത്വമുള്ള കുട്ടിയാണെന്നുമാണ് മേജർ രവി പറഞ്ഞത്. വിയറ്റ്നാമിൽ തെരുവുനായയെ ആക്രമിക്കുന്നത് കണ്ട് അതിനെ ഇന്ത്യയിലെത്തിച്ച മനസ്സിനുടമയാണ് മായ. ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഇട്ട പോസ്റ്റാണത്. അത് കോക്രോച്ച് പാർട്ടിക്ക് ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നായിരുന്നു മേജർ രവിയുടെ വിശദീകരണം. ഇങ്ങനെ പറഞ്ഞതുകൊണ്ട് തനിക്ക് ആയിരക്കണക്കിന് തെറി മെസേജുകൾ വന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് ഹവറിൽ മേജർ രവി പറഞ്ഞു.
"ആ കുട്ടിക്ക് രാഷ്ട്രീയം എന്തെന്ന് അറിയില്ല. പലരും ചോദിച്ചു നിങ്ങളാരാ മോഹൻലാലിന്‍റെ മകൾക്കു വേണ്ടി വാദിക്കാനെന്ന്. ആ കുട്ടി ജനിക്കുന്നതിന് മുൻപേ മോഹൻലാലുമായി എനിക്ക് സൌഹൃദമുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആരെങ്കിലും തെരുവുനായയെ കല്ലെടുത്ത് എറിയുന്നത് കണ്ടാൽപ്പോലും മുഴുവൻ ദിവസവും ഇരുന്ന് കരയുന്ന ആ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് മായയ്ക്ക് വേണ്ടി ഞാൻ അങ്ങനെ പറഞ്ഞത്. മായയുമായി ഇക്കാര്യം ഞാൻ സംസാരിച്ചിട്ട് പോലുമില്ല. ശരിയാണ് മായയുടെ വികാരമെന്ന് പലരും പറഞ്ഞു. മായയ്ക്ക് ചിന്തിക്കാനുള്ള കഴിവില്ലേയെന്ന് പലരും ചോദിച്ചു. ആ കുട്ടിയുടെ സ്വഭാവം എന്താണെന്നാണ് ഞാൻ പറഞ്ഞത്. പെട്ടെന്ന് മനസ്സലിയുന്ന സ്വഭാവമാണ്. ഒരു കുട്ടിയെ അടിക്കുന്നതു കണ്ട മായയുടെ വികാരമാണ് അവൾ എഴുതിയത്. ആ കുട്ടിയെ അടിക്കാൻ പാടില്ലായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ അതിനകത്ത് ഒരു സപ്പോർട്ടെന്നും എഴുതിയിട്ടില്ല. ഞാൻ വേറെ ആരെ കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ. ആ കുട്ടിയുടെ സ്വഭാവം അറിയുന്നതു കൊണ്ട് പറഞ്ഞതാണ്. എന്‍റെ കടമയാണത്. പലരും ചോദിച്ചു നിങ്ങളാരാണെന്ന്. എന്‍റെ സുഹൃത്താണെങ്കിൽ ആ സുഹൃത്തിന്‍റെ വീട്ടിൽ എന്തെങ്കിലും നടന്നാൽ ഞാൻ ഇൻവോൾവ് ആകും. അത്രയേ ചെയ്തിട്ടുള്ളൂ. അതിനും കുറ്റം. ആയിരക്കണക്കിന് തെറികളാണ് വന്നത്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പറഞ്ഞാൽ ഇതുപോലെ കുറേ കാര്യങ്ങൾ വരും. പരിഹാരം കാണാമെന്ന് മോദിജി പറഞ്ഞ സ്ഥിതിക്ക് സമരം അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. നടപടി എന്തായാലും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടല്ലോ"- മേജർ രവി പറഞ്ഞു.
സമരം അവസാനിപ്പിക്കണമെന്ന് മേജർ രവി
സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത് എന്നാണ് ഡൽഹിയിലെ പൊസീസ് നടപടിക്കെതിരെ വിസ്മയ ഷെയർ ചെയ്ത പോസ്റ്റിലുണ്ടായിരുന്നത്. തുടർന്നാണ് മായയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് പറഞ്ഞ് മേജർ രവി രംഗത്ത് എത്തിയത്. ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മേജർ രവി നേരത്തെ നടത്തിയത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമര മുഖത്തുണ്ടായിരുന്നതെന്നാണ് മേജർ രവി പ്രതികരിച്ചത്. പലർക്കും തന്നെ തെറിവിളിക്കണമെന്ന് തോന്നാം. അത് സ്വാഭാവികം മാത്രമാണ്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതു സംബന്ധിച്ച് ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാൾ തിരിച്ച് ഡൽഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത യുവാക്കളാണ് ഡൽഹിയിലെ പ്രതിഷേധങ്ങളിൽ കാണാൻ കഴിയുന്നത് എന്നാണ് മേജർ രവി പറഞ്ഞത്.


