മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തി ദേശീയ പുരസ്കാര ജേതാവായി വളർന്ന സലിം കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മലയാളക്കര വിങ്ങുന്നു. ജനം ഏറ്റെടുത്ത ഡയലോഗുകളിലൂടെ ട്രോളന്മാരുടെ പ്രിയങ്കരനായ കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ സിനിമാലോകം ആദരാഞ്ജലി അർപ്പിക്കുന്നു
കൊച്ചി: മലയാള സിനിമയിലെ സലിം കുമാറെന്ന ഒരു കാലഘട്ടമാണ് വിടപറഞ്ഞകലുന്നത്. ദേശീയ അന്തർ ദേശീയ വേദികളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ കലാകാരൻ, മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ടിന്റെ പേരാണ് സലിം കുമാർ. 'എന്തിനോവേണ്ടി തിളയ്‌ക്കുന്ന സാമ്പാർ' എന്ന പ്രശസ്തമായ ഡയലോഗ് പോലെ, അങ്ങനെ എന്തിനോ വേണ്ടി തിളച്ചൊരു കഥയല്ല സലിം കുമാറിന്‍റേത്. പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കായിരുന്നു വളർന്നുകയറിയത്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലിം കുമാറിന്റെ കഥ. മിമിക്രിയിലൂടെ വെള്ളിത്തിരയിലെകത്തിയ സലിം കുമാർ, 1996 ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ജനം ഏറ്റെടുത്ത ഡയലോഗുകളിലൂടെ ട്രോളൻമാരുടെ ആശാൻ എന്ന വിശേഷണം കൂടി സ്വന്തമാണ് ഈ കലാകാരന്. അത്രമേൽ ചിരിയിലൂടെ ഏവരെയും ചിന്തിപ്പിച്ച സലിം കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നൊമ്പരത്തിലാണ് മലയാളക്കര.
മലയാളിയെ ചിരിപ്പിച്ച ആശാൻ
'ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ, അച്ഛനാണത്രേ അച്ഛൻ. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്‌തിപ്പെടുത്തുമായിരുന്നു എന്‍റെ പൊന്നമ്മച്ചി' - തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ, നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി - സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകളായിരുന്നു. നിരാശ, സന്തോഷം, വീരസ്യം എല്ലാത്തിലും ഉൾചേർന്ന നർമ്മം, മഹാരാജാസ് കോളേജാണ് സലീം കുമാറിലെ മിമിക്രി കലാകാരനെ വളർത്തിയത്.കൊച്ചിൻ കലാഭവനിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് ആ ശബ്ധാനുകരണവും തമാശകളും പടർന്നു. കൊച്ചിൻ സാഗറും ഏഷ്യാനെറ്റിലെ കോമിക്കോളയും വഴിത്തിരിവുകളായി.
ഇഷ്ടമാണ് നൂറു വട്ടത്തിലൂടെ വെളളിത്തിരയിലേക്കുളള ചുവട്‍വെയ്പ്പ്. 'നീ വരുവോളം' എന്ന സിനിമയിൽ അഭിനയിച്ചങ്കിലും തഴയപ്പെട്ടു. അവസരങ്ങൾക്കും കിതപ്പിനുമിടയിൽ സലീം കുമാർ വീണ്ടും വേഷമണിഞ്ഞു. പലതവണ. തൊണ്ണൂറുകളിലെ ചെറുവേഷങ്ങളിൽ നിന്ന് 2000 ത്തിലെ തിരക്കേറിയ ഹാസ്യനടനിലേക്കുളള വളർച്ച. തെങ്കാശിപട്ടണത്തിലെ മുത്തുരാമനും സൂത്രധാരനിലെ ട്രാൻസ് കഥാപാത്രം ലീലകൃഷ്ണനുമെല്ലാം പരീക്ഷണവും വിജയവുമായി. ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി. ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം. അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാല് വർഷത്തിനു ശേഷം 'ആദമിന്റെ മകൻ അബു' സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു. മികച്ച നടനുളള സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ മറ്റെങ്ങോട്ടും പോയില്ല. ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശവും ലഭിച്ചു. നന്മയും പ്രതീക്ഷയും ദൈന്യതയുമെല്ലാം മിന്നിമറഞ്ഞ അബുവിനോളം പോന്നൊരു കഥാപാത്രം സലീം കുമാറെന്ന പ്രതിഭയ്ക്കും അനിവാര്യമായിരുന്നു.
പിന്നെ കണ്ടത് മലയാളവും കടന്ന് തമിഴിലേക്കും ബംഗാളിയിലേക്കുമുളള സലിമിന്റെ വളർച്ചയായിരുന്നു. മരിയനിൽ ധനുഷിനൊപ്പം നിന്ന തോമയ്യ ഉൾപ്പടെ 2014 ൽ മാത്രം മൂന്ന് തമിഴ് സിനിമകൾ, മായാബസാറിലൂടെ ബംഗാളിയിലും ഊംഗയിലൂടെ ഒറിയയിലും വേഷങ്ങൾ. അയാളും ഞാനും തമ്മിലിലൂടെ മികച്ച ഹാസ്യനടനായി മലയാളം സലീം കുമാറിനെ ഒരിക്കൽ കൂടി ആദരിച്ചു. 2016 ൽ കഥയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതനിലൂടെ സലീം കുമാർ മലയാള സിനിമയെ ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു. ആരോണ്‍ ഇല്യാഹുവിനു ചുറ്റും നെയ്ത കഥാ പരിസരത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കഥയ്ക്കുളള പുരസ്കാരവുമെത്തി. അങ്ങനെ സംവിധായക വേഷമണിഞ്ഞ മൂന്നു സിനിമകൾ.
സിനിമാ വഴികളൊന്നുമില്ലാത്ത ഗംഗാധരൻ - കൗസല്യ ദമ്പതികളുടെ ഇളയ മകനായി പറവൂരിലാണ് സലീം കുമാറിന്റെ ജനനം. ഇഴപൊട്ടാത്ത അമ്മയുടെ നർമ്മമാണ് തന്റേതുമെന്ന് പലകുറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് സലീം കുമാർ. നീണ്ട പ്രണയകാലത്തിനൊടുവിൽ സുനിതയെ ജീവിത സഖിയാക്കി. മക്കൾ ചന്തുവും ആരോമലും, ചന്തു അച്ഛന്റെ വഴിയെ സിനിമ ലോകത്തെത്തി. അച്ഛന്റെ രാഷ്ട്രീയ ബോധ്യങ്ങൾ സലീം കുമാറിനെയും കോണ്‍ഗ്രസുകാരനാക്കി. ജനകീയ വിഷയങ്ങളിൽ സിനിമ പ്രവർത്തകരിലെ ആദ്യ പ്രതികരണം പലതും സലീം കുമാറിന്റേതായി. ഭരണത്തിന്റെ ആനുകൂല്യങ്ങൾ ചോദിക്കാതെ നിലപാടുകളിലെ വ്യക്തതകൂടിയായിരുന്നു സലീം കുമാർ. സിനിമയിലെ ഇടവേളകളിൽ കർഷകനായും സാമൂഹിക പ്രവർത്തകനായും സലീം കുമാർ നിറഞ്ഞു. അവശതകളെ മരണമെന്ന് കൊട്ടിഘോഷിച്ച ചിലർ മാത്രം ഇടയ്ക്കിടെ വില്ലനായെത്തി. സ്വത സിദ്ധമായ ശൈലിയിൽ അയാൾ അതിനെയും നേരിട്ടു. പ്രിയപ്പെട്ടവരുടെ വേർപാടിൽ നാട്യങ്ങളില്ലാതെ അയാൾ വിതുമ്പി. ഉറ്റവരെ ചേർത്തുപിടിച്ചു. 'ഫനീഫക്കായുടെ അടുത്തേക്ക് ഞാനും പോവാ. എനിക്ക് സങ്കടമില്ല. ഞാൻ കരയില്ല' - എന്നായിരുന്നു പറഞ്ഞത്. ജീവിതാന്ത്യം വരെ പച്ചമനുഷ്യനായൊരാളുടെ പേരാണ് സലീം കുമാർ. അനുകരണ കലയിലൂടെ വളർന്ന് ഹാസ്യനടനായി പടർന്നു പന്തലിച്ച് അഭിനയം കൊണ്ട് വിസ്മയം തീർത്ത് അയാൾ മടങ്ങുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സലീം കുമാറിന് വിട.
