മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന നിവിന്റെ പിറന്നാൾ സുഹൃത്തുക്കളെ പോലെതന്നെ ആഘോഷമാക്കുകയാണ് മലയാളികളും.

ലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ(nivin pauly) പിറന്നാളാണ്(birthday) ഇന്ന്. മലർവാടി ആർട്സ് ക്ലബ്ബിലൂടെ(malarvadi arts club) ആരംഭിച്ച താരത്തിന്റെ സിനിമാ ജീവിതം 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ(ram) പുതിയ ചിത്രം വരെ എത്തി നിൽക്കുമ്പോൾ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് നിവിനെ സ്വീകരിച്ചത്. ജനങ്ങളുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളിൽ നിന്ന് എന്നും വ്യത്യസ്തനാക്കി. അതുകൊണ്ട് തന്നെ നിവിൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ(box office) വൻ വിജയം നേടിയിരുന്നു.

1984 ഒക്ടോബർ 11ന് എറണാകുളം ജില്ലയിലെ ആലുവയിലാണ് നിവിന്റെ ജനനം. അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിങ് നേടി. 2006ലാണ് പഠിത്തം പൂര്‍ത്തിയാക്കുന്നത്. എഞ്ചിനീയറിങിന് ശേഷം നിവിന്‍ ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുകൂടിയായ വിനീത് ശ്രീനിവാസന്റെ കന്നി സംവിധാന ചിത്രത്തിൽ അഭിനയിക്കാൻ നിവിന് അവസരം ലഭിക്കുന്നത്.

വിനീത് ശ്രീനിവാസനും നിവിനും

നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളായിരിക്കും നിവിനെ കുറച്ചുകൂടി പ്രേക്ഷകരുടെ നടനാക്കിയതെന്നു പറയാം. വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാനം സംരംഭം ആയിരുന്നു മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്. ഈ ചിത്രത്തിലൂടെയാണ് നിവിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതും. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന് കരിയർ ബ്രേക്ക് നല്‍കിയതും വിനീത് തന്നെ. വിനീതിന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും നിവിന്‍ പോളിയ്ക്ക് മികച്ച വിജയം നല്‍കി. അതിനിടയില്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ശേഷം വിനീത് തന്നെ ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലും നിവിന്‍ തന്നെയായിരുന്നു നായകന്‍.

മലയാള സിനിമയിൽ ചരിത്രം കുറിച്ച ട്രെന്‍ഡ് സെറ്ററായിരുന്നു പ്രേമത്തിലെ ജോർജ് എന്ന നിവിൻ പോളി കഥാപാത്രം. മുണ്ടും ഷര്‍ട്ടും കട്ടിത്താടിയും കറുത്ത കൂളിങ് ഗ്ലാസും വച്ച ജോർജിനെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ആരാധിച്ചു. ആ സമയത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു ഈ ചിത്രം. 

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായി തിളങ്ങുന്ന ഈ സമയത്താണ് ‘ടാ തടിയാ’ എന്ന ചിത്രത്തിലെ പ്രതിനായക സ്ഥാനത്ത് പ്രേക്ഷകർ നിവിനെ കാണുന്നത്. ഒരു നടനെന്ന നിലയില്‍ താരം ആര്‍ജിച്ചെടുത്ത പക്വത ഈ സിനിമയിലെ കഥാപാത്രത്തില്‍ കാണാനാവും.

ചോക്ലേറ്റ് നായകന്‍ മാത്രമല്ല പരുക്കന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ കൂടിയാണ് നിവിന്‍. 1983 എന്ന ചിത്രത്തിലെ രമേശന്‍ നായക കഥാപാത്രം നിവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലൂടെ 2014-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി നിവിന്‍ തന്റെ അഭിനയ പ്രതിഭ തെളിയിച്ചു. 

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിന്റെ മറ്റൊരു അഭിനയതലമായിരുന്നു ജനങ്ങൾ കണ്ടത്. നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെത്തിയ ചിത്രം തീയേറ്ററുകളിൽ ഹിറ്റടിച്ചു. നിവിൻ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം, കേരളത്തിലെ ഒരു സാദാ പൊലീസ് സ്റ്റേഷനെ പക്ക റിയലിസ്റ്റിക്കായി അവതരിപ്പിച്ച സിനിമയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

മുൻനിര നായികമാരുടെയും നായകന്മാരുടെയും ഒപ്പം നിന്ന് മത്സരിച്ച താരം മുൻനിര നായകനെന്ന പട്ടം പെട്ടന്നാണ് ചൂടിയത്. അത്തരത്തിൽ ഇറങ്ങിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മോഹൻലാലിനൊപ്പം മികച്ച അഭിനയമായിരുന്നു നിവിൻ ചിത്രത്തിൽ കാഴ്ച വച്ചത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. നിരവധി അവാർഡുകളും ചിത്രം നേടി. 

നയൻതാര, തൃഷ തുടങ്ങിയ തെന്നിന്ത്യൻ താരസുന്ദരികൾക്കൊപ്പവും നിവിൻ അഭിനയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡി’ലാണ് തൃഷിയ്ക്കൊപ്പം താരം അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമായ ‘ലൗ ആക്ഷൻ ഡ്രാമ‘യിലൂടെയാണ് നയൻതാര നിവിന്റെ നായികയായത്. 

നിവിനെന്ന 'മൂത്തോൻ'

നിരവധി അന്താരാഷ്ട്ര വേദികളിൽ നിവിന് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു മൂത്തോൻ. നടി ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു ഇത്. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച തിയേറ്റര്‍ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വര്‍ഷത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. ദാരുണമായ ഒരു സംഭവത്തെത്തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളിയെന്ന നിലയില്‍ തന്റെ ദ്വീപ് ജീവിതം ഉപേക്ഷിച്ച് മുംബൈയിലെ ഇരുണ്ടയിടങ്ങളില്‍ ഭായിയാകാന്‍ നിര്‍ബന്ധിതനായ അക്ബറിന്റെയും അയാളെ തേടി ദ്വീപില്‍ നിന്ന് മുംബൈയില്‍ എത്തുന്ന മുല്ല എന്ന 14കാരന്‍ സഹോദരന്റെയും കഥയാണ് മൂത്തോന്‍.

നിർമ്മാതാവിന്റെ കുപ്പായം

അഭിനയത്തിൽ മാത്രമല്ല സിനിമാ നിർമ്മാണത്തിലും ഒരുകൈ നോക്കാൻ ഒരുങ്ങുകയാണ് നിവിനിപ്പോൾ. 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല' എന്ന ചിത്രത്തിലാണ് നിവിൻ നായകനായും നിർമ്മാതാവായും എത്തുന്നത്. റോണി മാനുവല്‍ ജോസഫ് ആണ് സംവിധാനം. പോളി ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും അനീഷ് രാജശേഖരന്‍, റോണി മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതുന്നു. ഈ ചിത്രത്തിനായും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം', 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം, തുറമുഖം, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'താരം' , നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’, പടവെട്ട്, തുടങ്ങിയവയാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന നിവിന്റെ പിറന്നാൾ സുഹൃത്തുക്കളെ പോലെതന്നെ ആഘോഷമാക്കുകയാണ് മലയാളികളും.