ടൊവീനോ ചിത്രം മറഡോണയിലൂടെ മലയാളികൾക്ക് പരിചിതയായ ശരണ്യ നായികയാകുന്ന ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മനു പിള്ളയാണ് ചിത്രത്തിലെ നായകൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മനു. ചിത്രത്തില്‍ മനു അവതരിപ്പിച്ച ശ്വാനന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ജാക്കി എസ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നൗഫല്‍ എം തമീമും സുള്‍ഫിക്കര്‍ കലീലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്,അരുള്‍ പാണ്ഡ്യന്‍, മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സഞ്ജയ് ഹാരിസും പ്രശാന്ത് കൃഷ്ണയുമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം-ജെയ്ക്സ് ബിജോയ്. ജാക്കി എസ് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഒളിച്ചോടി വിവാഹം കഴിക്കുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതിയും കേരളത്തില്‍ നിന്നുള്ള യുവാവും തമ്മിൽ പ്രണയത്തിലാവുകയും ഒളിച്ചോടി പോയി വിവാഹം കഴിക്കുകയും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.