ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്‍കര്‍, എമ്മി അവാർഡ് ജേതാക്കളുടെയും അഭിനയ ഗുരുവായ ലാരി മോസിന്‍റെയും ടിം ഫിലിപ്‍സിന്‍റെയും ശിക്ഷണത്തില്‍ അഭിനയം പരിശീലിച്ചുകൊണ്ടിരിക്കുകയാണ് എബിൻ

ഹോളിവുഡ് സിനിമയിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളി യുവാവ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി എബിന്‍ ആന്‍റണിയാണ് അടുത്തിടെ യുഎസില്‍ ആമസോണ്‍ പ്രൈം റിലീസ് ആയി എത്തിയ 'സ്പോക്കണ്‍' എന്ന ഇംഗ്ലീഷ് സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടൈലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് എബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെനിൽ റാൻസം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറില്‍ നായികാ കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനാണ് ടൈലര്‍ എന്ന കഥാപാത്രം.

സ്‍കൂള്‍ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാര്‍ഥിയായിരുന്നു എബിൻ ആന്‍റണി. ചെന്നൈയിലെ ജീവിതകാലത്ത് സിനിമാമോഹം ഇരട്ടിച്ചു. എഞ്ചിനീയറിങ്ങ് പഠനകാലത്ത് നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ശബ്‍ദം നല്‍കിയിട്ടുണ്ട്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴും എബിന്‍ അഭിനയമോഹം വിട്ടില്ല. തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിച്ചു.

ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്‍കര്‍, എമ്മി അവാർഡ് ജേതാക്കളുടെയും അഭിനയ ഗുരുവായ ലാരി മോസിന്‍റെയും ടിം ഫിലിപ്‍സിന്‍റെയും ശിക്ഷണത്തില്‍ അഭിനയം പരിശീലിച്ചുകൊണ്ടിരിക്കുകയാണ് എബിൻ. അഭിനയത്തിനൊപ്പം നൃത്തത്തിലും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ടിലും ഫുട്ബോളിലും തല്‍പരനാണ്. ടോം ലെവിന്‍റെ 'പാർട്ടി' എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത ബട്ടർഫ്ലൈസ് ആണ് എബിന്‍റെ അടുത്ത സിനിമ. ബട്ടർഫ്ലൈസ് ഈ വര്‍ഷം റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നാണ് എബിന്‍റെ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലാണ് എബിന്‍ ആന്‍റണി.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona