മലയാളസിനിമയില്‍ എക്കാലത്തെയും വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് 'മാമാങ്കം'. 50 കോടി മുടക്കുമുതലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സിനിമയുടെ റിലീസും വിശാലമാണ്. 45 രാജ്യങ്ങളിലെ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തുക. പ്രഖ്യാപനം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രത്തിന് ഇത്ര വലിയ റിലീസ് കൂടി ലഭിച്ചതോടെ മാമാങ്കം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് മലയാള സിനിമാലോകം.

ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ആരാധകര്‍. കേരളത്തിലെ പല പ്രധാന സെന്ററുകളിലെയും തീയേറ്റര്‍ പരിസരങ്ങളില്‍ ഇന്ന് ഡിജെ പാര്‍ട്ടികള്‍ അടക്കം ആരാധകര്‍ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ-റിലീസ് ബുക്കിംഗിനും വലിയ പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം 'മാമാങ്ക'ത്തിന് റിലീസ്ദിനത്തില്‍ 65 പ്രദര്‍ശനങ്ങളാണുള്ളത്. 

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.