മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന്റെ ടീസറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ടീസറിന് യുട്യൂബില്‍ ഇതുവരെ ലഭിച്ച കാഴ്ചകള്‍ 23 ലക്ഷത്തിന് മുകളിലാണ്. ഇപ്പോഴിതാ ബഹുഭാഷകളില്‍ തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മറ്റു ഭാഷകളിലെ ടീസറുകളും പുറത്തുവിടാനൊരുങ്ങുകയാണ് അണിയറക്കാര്‍. 

ഇതുപ്രകാരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ടീസറുകള്‍ നാലാം തീയ്യതിയാണ് പുറത്തെത്തുക. ഹിന്ദി ടീസര്‍ രാവിലെ ഒന്‍പതിനും തെലുങ്ക് ടീസര്‍ രാവിലെ 11നും തമിഴ് ടീസര്‍ ഉച്ചയ്ക്ക് ഒന്നിനും യുട്യൂബില്‍ എത്തും.

'മാമാങ്കം' കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം വാഗമണ്‍ എന്നിവിടങ്ങളില്‍ ആയിരുന്നു. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലാണ് ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.