'പ്രേമലു'വിലൂടെ പ്രശസ്തയായ മമിത ബൈജു, പ്രദീപ് രംഗനാഥന്റെ 'ഡ്യൂഡ്' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ സജീവമാവുകയാണ് ഈ സിനിമയ്ക്കായി 15 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന പ്രചാരണം ശക്തമായിരുന്നു. അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ മമിത
'പ്രേമലു 'എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മമിത ബൈജു. 'ഡ്യൂഡ്' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ സജീവമാവുകയാണ് മമിത. പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ഒക്ടോബർ 17 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സൂര്യ നായകനായെത്തുന്ന വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമിതയാണ് നായികയായെത്തുന്നത്. ഡ്യൂഡ് പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയകളിൽ അടക്കം ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ട കാര്യമായിരുന്നു ചിത്രത്തിന് വേണ്ടി മമിത വാങ്ങിക്കുന്ന പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ. 15 കോടി രൂപയാണ് ഡ്യൂഡിന് വേണ്ടി മമിത പ്രതിഫലം വാങ്ങുന്നത് എന്നായിരുന്നു ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
തന്നെ പറ്റി ഈയടുത്ത്കേട്ട ഏറ്റവും വലിയ ഗോസിപ്പ് 15 കോടിയുമായി ബന്ധപ്പെട്ടതാണെന്ന് മമിത പറയുന്നു. ആരോ ചെയ്തതിന് പഴി മൊത്തം തനിക്ക് ആണെന്നാണ് മമിത ബൈജു പറയുന്നത്. "ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഈയ്യടുത്ത് വന്ന 15 കോടിയാണ്. അവര്‍ ഇങ്ങനെ ഓരോ സാധനങ്ങളിടും. ചുമ്മാ ഓരോ നമ്പര്‍ ഇടുകയാണ്. മമിത ഒരു പതിനഞ്ച് കോടി വാങ്ങുമായിരിക്കും, കിടക്കട്ടെ എന്നാകും കരുതുന്നത്. അതിന്റെ താഴെ വരുന്ന കമന്റുകള്‍ കാണണം. ഇവള്‍ ആരാണ് ഇത്രയുമൊക്കെ വാങ്ങാന്‍ എന്നാണ്. ആരോ ചെയ്തതിന് പഴി മൊത്തം നമുക്കും." ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്
ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.



