സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതികാരങ്ങളുടെ കഥയാണ് 'മാമാങ്ക'മെന്ന് മമ്മൂട്ടി. ഇന്നലെ കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ച് വേദിയിലാണ് മമ്മൂട്ടി സിനിമയെക്കുറിച്ച് സദസ്സിനോദ് സംസാരിച്ചത്. സ്വാഭാവികതയുള്ള സിനിമയാണ് മാമാങ്കമെന്നും സാധാരണ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ 15-20 ശതമാനം പോലും 'മാമാങ്ക'ത്തില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

'സിനിമയുടെ കഥ ഒരുപക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമകളുടെ കഥയൊന്നുമല്ല. പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതികാരങ്ങളുടെ കഥയാണ് സിനിമ. എന്നോ നടന്നുപോയ ഒരു ദുരന്തത്തിനുള്ള പ്രതികാരം തലമുറകളായി നടത്തുന്നതിന്റെ കഥയാണ്. പ്രതികാരത്തിനുവേണ്ടി തലമുറകളായി ജീവന്‍ ബലികഴിച്ചവരുടെ, ആത്മാഹുതി ചെയ്ത തലമുറകളുടെ കഥകള്‍. പക്ഷേ നമ്മള്‍ അതിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നത് വേറെ വിഷയം. നിര്‍ദ്ദയമായ യുദ്ധങ്ങളോടും കൊലകളോടുമൊക്കെയുള്ള ഈ സിനിമയുടെ നിലപാട് അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാവും. കാലികമായും ഈ സിനിമയ്ക്ക് പ്രാധാന്യമുണ്ട്. അതേസമയം മാമാങ്കം ചരിത്രത്തോട് നീതി പുലര്‍ത്തുകയും ചെയ്യുന്നുണ്ട്', മമ്മൂട്ടി പറഞ്ഞു.

സിനിമയുടെ അണിയറപ്രവര്‍ത്തകരെ കൂടാതെ ഒട്ടേറെ പ്രമുഖര്‍ പരിപാടിക്ക് എത്തിയിരുന്നു. ഹരിഹരന്‍, ലാല്‍ജോസ്, ബ്ലെസ്സി, ടൊവീനോ തോമസ്, സംയുക്ത മേനോന്‍, സോഹന്‍ റോയ് തുടങ്ങിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു.